ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാല്‍ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്‌ഐടിയുടെ ശ്രമം. നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
കേസില്‍ എ. പത്മകുമാർ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികള്‍ കൊടുത്തുവിട്ടതെന്നാണ് എസ്‌ഐടി കോടതിയെ അറിയിച്ചത്. ദേവസ്വം മിനുട്‌സില്‍ തിരുത്തല്‍ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്‌സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികള്‍ കൈമാറിയതെന്നും എസ്‌ഐടി റിപ്പോർട്ടില്‍ പറയുന്നു. തന്ത്രി അനുമതി നല്‍കിയെന്ന പത്മകുമാറിൻ്റെ വാദം തെറ്റാണെന്നും എസ്‌ഐടി റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.













































































