തൃശൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ ജില്ലയില്‍ ഇന്നും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുൻകരുതല്‍ നടപടിയുടെ ഭാഗമായാണ് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. സി ബി എസ് ഇ, ഐ സി എസ് ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. എന്നാല്‍ റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂള്‍തലത്തിലുള്ള പരീക്ഷകള്‍ക്ക് അവധി ബാധകമാണ്. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുയടക്കം മാറ്റിവച്ചിട്ടുണ്ട്. ഓണപ്പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ഇന്നും അതിശക്ത മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 3 ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. 2 ന്യൂനമർദ്ദം രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമായി നിലനിർത്തുന്നത്. ഇത് കാരണം കൊങ്കണ്‍ മുതല്‍ വടക്കൻ കേരള തീരം വരെ അറബിക്കടലില്‍ ന്യുന മർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് വ്യക്തമാകുന്നത്.
അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം
ഓറഞ്ച് അലർട്ട്
18/08/2025: കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
18/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്
19/08/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട്
20/08/2025: കണ്ണൂർ, കാസർകോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.