തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. മൂന്നു വര്‍ഷത്തെ തടവും പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷാവിധിയെത്തുടര്‍ന്ന് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള അപ്പീലിലാണ് ഇന്ന് നിര്‍ണ്ണായക വിധി വരുന്നത്.
ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അദ്ദേഹം അഭിഭാഷകനായിരുന്നു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും മൂന്നു വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷത്തിന് മുകളില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹം നിയമസഭയില്‍ നിന്നും അയോഗ്യനായി.











































































