തിരൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. രാത്രി പത്തരയോടെയാണ് സംഭവം. അപകടസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. വലിയ ശബ്ദത്തോടെ തീ പടരുന്നത് കണ്ട അയൽവാസികളും നാട്ടുകാരും ചേർന്ന് സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം പമ്പു ചെയ്താണ് തീയണച്ചത്.
തിരൂരിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു. വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങളും വസ്ത്രങ്ങളും മറ്റുരേഖകളുമെല്ലാം കത്തിനശിച്ചു. വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർ ആറു വർഷം മുമ്പാണ് ഈ വീട്ടിലേക്കു താമസം മാറിയത്.