കൊച്ചി: ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി. തമ്മനം പാലാരിവട്ടം റോഡിലെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയാണ് വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നത്. ഇതേത്തുടർന്ന് നഗരത്തിൽ ഇടപ്പള്ളി, തമ്മനം, പാലാരിവട്ടം, പുല്ലേപ്പടി, വെണ്ണല, ചളിക്കവട്ടം, ചങ്ങമ്പുഴ നഗർ, പോണേക്കര ഭാഗങ്ങളിൽ രണ്ട് ദിവസത്തേക്ക് ജലവിതരണം തടസപ്പെടും. നഗരത്തിലെ മറ്റ് പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന ജലത്തിൻ്റെ അളവ് കുറയുമെന്നും ജലവകുപ്പ് അറിയിച്ചു. 40 വർഷത്തോളം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്ന് പാലാരിവട്ടം ഭാഗത്ത് ഗതാഗതം തടസപ്പെട്ടു.
