ന്യൂഡൽഹി: 'ദി കേരള സ്റ്റോറി' എന്ന സിനിമ നിരോധിച്ചതിൽ ബംഗാൾ സർക്കാരിനോട് വിശദീകരണം തേടി സുപ്രീം കോടതി. നിരോധിച്ചത് എന്തുകൊണ്ടാണെന്ന്ബുധനാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി അറിയിച്ചു. സിനിമ പ്രദർശനം നിരോധിച്ച ബംഗാൾ സർക്കാരിന്റെ ഉത്തരവിനെതിരായ ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിശദീകരണം തേടിയത്.
രാജ്യത്ത് മറ്റിടങ്ങളിൽ സിനിമ പ്രദർശിപ്പിക്കുന്നുവെങ്കിൽ ബംഗാളിൽ മാത്രം എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് ബംഗാൾ സർക്കാരിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വി കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതിനോട് യോജിച്ചില്ല. തിയറ്ററുകളിൽ നിന്ന് സിനിമ പിൻവലിച്ചതിൽ തമിഴ്നാട് സർക്കാരിനോടും മറുപടി ആരാഞ്ഞു. കക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.














































































