വാഷിംഗ്ടൺ: എഴുപതിലധികം രാജ്യങ്ങൾക്ക് 10 ശതമാനം മുതൽ 41ശതമാനം വരെ പരസ്പര തീരുവ ചുമത്തി അമേരിക്ക. ഇത് സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. പുതിയ ഉത്തരവ് പ്രകാരം ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത് 25 ശതമാനം അധിക നികുതിയാണ്. വ്യാപാര രീതികളിലെ ദീർഘകാല അസന്തുലിതാവസ്ഥയുടെ ഭാഗമായാണ് താരിഫ് ചുമത്തുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട്.
കാനഡയ്ക്ക് മേൽ ചുമത്തിയിരുന്ന താരിഫ് നിരക്ക് 25 ശതമാനത്തിൽ നിന്ന് 35 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. നിയമവിരുദ്ധ മയക്കുമരുന്ന് പ്രതിസന്ധിയിൽ നടപടിയെടുക്കുന്നതിൽ കാനഡ പരാജയപ്പെട്ടത് ചൂണ്ടിക്കാണിച്ചാണ് താരിഫ് നിരക്ക് ഉയർത്തിയതെന്നാണ് വിശദീകരണം.
നേരത്തെ ഓഗസ്റ്റ് 1ന് മുമ്പ് വ്യാപാര കരാറുകൾ അന്തിമമാക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരവിൽ ഒപ്പുവെച്ച് ഏഴ് ദിവസത്തിന് ശേഷം പുതിയ താരിഫ് നിരക്കുകൾ പ്രാബല്യത്തിൽ വരും. ഓഗസ്റ്റ് 7ന് മുമ്പ് കപ്പലുകളിൽ കയറ്റുകയും ഒക്ടോബർ 5-നകം അമേരിക്കിയിൽ എത്തുകയും ചെയ്യുന്ന സാധനങ്ങൾക്ക് പുതിയ നിരക്കുകൾ ബാധകമാകില്ല. എന്നാൽ കനേഡിയൻ ഇറക്കുമതികൾക്ക് ചുമത്തിയിരിക്കുന്ന 35 ശതമാനം താരിഫ് ഓഗസ്റ്റ് 1-ന് തന്നെ പ്രാബല്യത്തിൽ വരും.
പുതിയ താരിഫ് നിരക്കുകൾ
41% താരിഫ്: സിറിയ
40% താരിഫ്: ലാവോസ്, മ്യാൻമർ (ബർമ)
39% താരിഫ്: സ്വിറ്റ്സർലൻഡ്35% താരിഫ്: ഇറാഖ്, സെർബിയ
30% താരിഫ്: അൾജീരിയ, ബോസ്നിയ ആൻഡ് ഹെർസഗോവിന, ലിബിയ, ദക്ഷിണാഫ്രിക്ക
25% താരിഫ്: ഇന്ത്യ, ബ്രൂണൈ, കസാക്കിസ്ഥാൻ, മോൾഡോവ, ടുണീഷ്യ
20% താരിഫ്: ബംഗ്ലാദേശ്, ശ്രീലങ്ക, തായ്‌വാൻ, വിയറ്റ്നാം
19% താരിഫ്: പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, കംബോഡിയ, ഫിലിപ്പീൻസ്, തായ്‌ലൻഡ്
18% താരിഫ്: നിക്കരാഗ്വ
15% താരിഫ്: ഇസ്രായേൽ, ജപ്പാൻ, തുർക്കി, നൈജീരിയ, ഘാന
10% താരിഫ്: ബ്രസീൽ, ബ്രിട്ടൻ, ഫോക്ക്‌ലാൻഡ് ദ്വീപുകൾ
യൂറോപ്യൻ യൂണിയനെ സംബന്ധിച്ച് 15 ശതമാനത്തിൽ കൂടുതൽ അമേരിക്കൻ തീരുവ നിരക്കുകളുള്ള സാധനങ്ങൾക്ക് പുതിയ താരിഫുകൾ ബാധകമല്ല. എന്നാൽ 15 ശതമാനത്തിൽ താഴെ തീരുവ നിരക്കുകളുള്ള സാധനങ്ങൾക്ക് നിലവിലെ തീരുവ നിരക്കിൽ നിന്ന് 15 ശതമാനം മൈനസ് ചെയ്യുന്ന തരത്തിൽ താരിഫ് ക്രമീകരിക്കും.