ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മതപരിവർത്തനം ആരോപിച്ചതും ജയ് വിളിച്ച് പ്രശ്നം ഉണ്ടാക്കിയതും ബജ്റംഗ്‌ദൾ പ്രവർത്തകരെന്ന് അറസ്റ്റിലായ കന്യാസ്‌ത്രീകളുടെ സഹപ്രവർത്തക. പ്രശ്നമുണ്ടായതോടെ ആർപിഎഫ് കേസെടുത്തു. യുവതികളോട് മൊഴി മാറ്റാൻ ബജ്റംഗ്‌ദൾ പ്രവർത്തകർ നിർബന്ധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യം പൊലീസ് ചോദിച്ചപ്പോൾ രക്ഷിതാക്കളുടെ സമ്മതത്തോടെയും സ്വന്തം ഇഷ്ടപ്രകാരവുമാണ് വന്നതെന്ന് മൂന്ന് പെൺകുട്ടികളും പറഞ്ഞിരുന്നു. പിന്നീട് ജ്യോതിഷ് ശർമ എന്ന സ്ത്രീ വന്ന് ഭീഷണിപ്പെടുത്തിയപ്പോൾ പേടിച്ച് ഒരുപെൺകുട്ടി തങ്ങളെ നിർബന്ധിച്ച് കൊണ്ട് പോവുകയായിരുന്നുവെന്ന് പറഞ്ഞു. തങ്ങളുടെ കോൺവെന്റിൽ ജോലി ചെയ്യാനാണ് ഇവരെ കൊണ്ടുപോകാനിരുന്നത്. നിർബന്ധിത മതപരിവർത്തനവും, മനുഷ്യക്കടത്തും ആരോപിച്ചാണ് സിസ്റ്റർമാർക്കെതിരെ കേസെടുത്തത്. പെൺകുട്ടികളെ പിന്നീട് ഷെൽറ്റർ ഹോമിലേക്ക് കൊണ്ടുപോയി. കുട്ടികൾ സിഎസ്‌ഐ ക്രിസ്ത്യാനികളാണ്. അതുകൊണ്ടുതന്നെ മതപരിവർത്തനമെന്ന് പറയാനേ കഴിയില്ല. എഎസ്‌എംഐ സന്യാസി സമൂഹത്തിലെ കന്യാസ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.
നാരായൻപുർ ജില്ലയിൽ നിന്നുള്ള മൂന്ന് പെൺകുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്നത്. 19 മുതൽ 22 വയസ്സുള്ളവരായിരുന്നു ഇവർ. റെയിൽവേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകർ ഇവർ നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടർന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.