ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ബ്രഹ്മോസിൽനിന്ന് രക്ഷപ്പെടാൻ പാകിസ്താനായില്ലെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ബ്രഹ്മോസിൻ്റെ റേഞ്ചിനുള്ളിലാണ് പാകിസ്‌താനിലെ ഓരോ ഇഞ്ച് സ്ഥലവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിശ്വാസം കാത്ത മിസൈലാണ് ബ്രഹ്മോസെന്നും അദ്ദേഹം പറഞ്ഞു. യുപി ലക്നൗവിലെ ബ്രഹ്മോസ് യൂണിറ്റിൽ നിർമിച്ച മിസൈലുകൾ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
ഇന്ത്യയുടെ സൈനിക ശക്തി 'വിജയം നമുക്കൊരു ശീലമായിരിക്കുന്നു' എന്ന തലത്തിലേക്ക് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് മിസൈലുകൾ ഫ്ളാഗ് ഓഫ് ചെയ്‌തത്. രാജ്യത്ത് സ്വയംപര്യാപ്ത പ്രതിരോധ നിർമാണ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സർക്കാർ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഫലമായി വളർന്നുവരുന്ന തദ്ദേശീയ കരുത്തിന്റെ നേർസാക്ഷ്യമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം പറഞ്ഞു.















































































