തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ബസുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍ നീക്കം തുടങ്ങി.
പിഎം ഇ സേവാ പദ്ധതി പ്രകാരം കേന്ദ്രം നല്കാമെന്ന് അറിയിച്ച 950 ഇലക്‌ട്രിക് ബസുകള്‍ ആദ്യം വേണ്ടെന്നുവച്ചിരുന്നു. പിഎംശ്രീ പോലെ പിഎം ഇ സേവാ പദ്ധതിയില്‍ ഒപ്പിട്ടാല്‍ എല്‍ഡിഎഫില്‍ പ്രശ്‌നമാകുമെന്നതിനാലാണ് ഗതാഗത വകുപ്പ് വിട്ടുനിന്നത്. ഇലക്‌ട്രിക് ബസുകളുടെ പരിപാലന ചെലവ് കൂടുതലാണെന്നും ബാറ്ററിക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് പദ്ധതിയില്‍ ചേരാതിരുന്നത്.
ഓരോ ശബരിമല സീസണിലും 700 മുതല്‍ 1000 ബസുകള്‍ വരെ കെഎസ്‌ആര്‍ടിസി വാങ്ങാറുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബസുകള്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചല്ലാതെ വാങ്ങിയില്ല. ബസുകള്‍ വാങ്ങാന്‍ ഖജനാവില്‍ പണമില്ലാത്തതിനാല്‍ വായുമലിനീകരണത്തിന്റെ പേരിലാണ് ഇപ്പോള്‍ പിഎം ഇ സേവ പദ്ധതിയില്‍ ഒപ്പുവയ്‌ക്കാനുള്ള നീക്കം. ഡീസല്‍ ബസുകള്‍ കൂടുതല്‍ ഓടിക്കുന്നത് ഡല്‍ഹിയിലേതുപോലെ വായുമലിനീകരണമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഇ ബസുകള്‍ വാങ്ങാന്‍ തീരുമാനിക്കണമെന്നും ഗതാഗത വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പിഎം ശ്രീ പോലെ ഇ ബസുകള്‍ വാങ്ങുന്നത് മുന്നണിയില്‍ വിവാദമുണ്ടാക്കാന്‍ സാധ്യതയില്ലെന്നും ഗതാഗത മന്ത്രി വിലയിരുത്തുന്നു. കൂടാതെ ഡീസല്‍ ഇനത്തില്‍ കോടിക്കണക്കിന് രൂപ ലാഭിക്കാം. കരാറില്‍ ഒപ്പുവച്ചാല്‍ രണ്ടുമാസത്തിനകം ബസുകളെത്തും. ബസ് സൗജന്യമായാണ് കേന്ദ്ര സര്‍ക്കാര്‍ നല്കുന്നത്. ചെറിയ ബസുകള്‍ക്കു രണ്ടു കോടി രൂപ വരെയും വലിയ ബസുകള്‍ക്കു നാലു കോടി വരെയും വില വരും.















































































