തിരുവനന്തപുരം : ആദ്യവിവാഹം മറച്ചുവെച്ച് മറ്റൊരു യുവതിയെ വലിയ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച എൽഡി ക്ലർക്ക് അറസ്റ്റിൽ. കൊട്ടാ രക്കര സ്വദേശിയും എറണാകുളം കുട്ടമ്പുഴ പഞ്ചായത്ത് ഓഫിസിലെ എൽഡി ക്ലർക്കുമായ ശ്രീകലയിൽ ശ്രീനാഥ് ആണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയുടെ പരാതിയെ തുടർന്ന് റൂറൽ ക്രൈം ബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2021ലാണ് ശ്രീനാഥിന്റെ ആദ്യവിവാഹം. 26കാരിയായ യുവതിയെ നാവായിക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽവെച്ച് താലികെട്ടി. ഈ ബന്ധംനിലനിൽക്കെ 10 പവൻ സ്വർണവും 50 സെന്റ് ഭൂമിയും മാരുതി സ്വിഫ്റ്റ് കാറും സ്ത്രീധനമായി വാങ്ങി 2022ൽ ചീരാണിക്കര സ്വദേശിയെ ഇയാൾ വെഞ്ഞാറമൂട്ടിലെ ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹം കഴിച്ചു.
എന്നാൽ, ഇയാൾ നേരത്തെ വിവാഹിത നാണെന്ന് യുവതി അറിഞ്ഞതോടെ വട്ടപ്പാറ പൊലീസിനെ സമീപിച്ച് പരാതി നൽകി.ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. യുവതിയുടെ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തി. വിവാഹങ്ങളുടെ തെളിവുകളും വിവാഹത്തിൽ പങ്കെടുത്തവരുടെ സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് അറസ്റ്റ്. ഇയാളെ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.