തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം നേതാക്കളെ ന്യായീകരിച്ച് എംഎ ബേബി. നേതാക്കൾക്ക് സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്ന് എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. അഭയം പ്രാപിക്കാൻ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് ഇരുവരും കേരളത്തിലെത്തിയത്. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോൾ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ലെന്ന് എംഎ ബേബി പ്രതികരിച്ചു. എന്നാൽ ഇങ്ങനെയും സാങ്കേതികത്വം ഉണ്ടെന്ന് പരിശോധിക്കാൻ ഭാവിയിൽ ഇതു സഹായിക്കും എന്നും ബേബി കൂട്ടിച്ചേർത്തു.
അതുപോലെ തന്നെ 'പിണറായിയുടെ മുഖം മാത്രം 'എന്ന വിമർശനത്തിൽ കാര്യമില്ലെന്നും എം.എ.ബേബി വ്യക്തമാക്കി. സ്ഥാനാർഥികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്‌താൽ മുഖ്യമന്ത്രിയുടെ മുഖം കുറവാണ്. എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ പറയുമ്പോൾ നയിച്ചയാളെ കുറിച്ച് പറയുന്നത് സ്വാഭാവികമാണ്. അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും എംഎ ബേബി പറഞ്ഞു.
സതീശന് മുഖം കാണിക്കാനുള്ള തള്ളലാണെന്ന് പറഞ്ഞ എംഎ ബേബി, സതീശനും സുധാകരനും തമ്മിൽ പറഞ്ഞത് കേട്ടതാണല്ലോ എന്നും ചോദിച്ചു. പ്രതിപക്ഷത്ത് മുഖങ്ങളുടെ മത്സരമാണ്. മറ്റ് മുഖം വേണ്ടെന്നാണ് ഓരോരുത്തരും പറയുന്നത്. ഇടതുപക്ഷത്ത് കൂട്ടായ്മ ആണ് ഉള്ളത്. ചെന്നിത്തലയുടെ പ്രസ്താവന തമാശ പറയാനുള്ള ശ്രമമാണെന്നും എംഎ ബേബി പറഞ്ഞു. കേരളത്തിൽ തുടർഭരണത്തിനുള്ള തുടർച്ചയെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.












































































