ലോക രാഷ്ട്രങ്ങൾക്ക് ആശ്വാസം പകരുന്ന തരത്തിൽ ഇറാനും യുഎസും തമ്മിലുള്ള സംഘർഷം അവസാനത്തിലേക്കെന്ന റിപ്പോർട്ടുകൾ പുറത്ത്. ഇറാൻ സമാധാന കരാറിന് തയ്യാറാകാമെന്ന സൂചനയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ
നൽകിയത്.
പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ
ടെഹ്റാനിൽ ഇറാനിയൻ ഉന്നത നേതൃത്വവുമായി ചർച്ച നടത്തുന്നതിനിടെയാണ് റൂബിയോയുടെ പ്രതികരണം. ഇറാനുമായുള്ള ചർച്ചകളിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇനി നിർണായക തീരുമാനങ്ങൾ ബാക്കി നിൽക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം, വെടിനിർത്തൽ കാലയളവിൽ സായുധ സേനയെ കൂടുതൽ ശക്തിപ്പെടുത്തിയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ്
വ്യക്തമാക്കി. യുദ്ധം വീണ്ടും ആരംഭിച്ചാൽ ശക്തമായ തിരിച്ചടി നൽകാൻ രാജ്യം തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടാൽ ഇറാനെതിരെ വീണ്ടും സൈനിക നടപടി ഉണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്. മധ്യസ്ഥ ചർച്ചകൾ ഫലപ്രദമാകാത്ത പക്ഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഇറാനെതിരെ കടുത്ത സൈനിക നീക്കങ്ങൾക്ക് തയ്യാറാകാമെന്നാണ് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.











































































