രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് പെട്രോൾ-ഡീസൽ വില ഉയർത്തുന്നത്. ഏറ്റവും പുതിയ വർധന പ്രകാരം പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് എണ്ണക്കമ്പനികളുടെ നടപടി. പുതിയ വില ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.
തുടർച്ചയായ വിലക്കയറ്റം സാധാരണ ജനങ്ങളെയും ഗതാഗത മേഖലയെയും കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് വിവിധ മേഖലകളിൽ നിന്ന് ആശങ്ക ഉയരുന്നുണ്ട്. ചരക്കു ഗതാഗതച്ചെലവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വീണ്ടും ഉയരാനിടയുണ്ടെന്നാണ് വിലയിരുത്തൽ.











































































