തിരുവനന്തപുരം: സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാൽ ഇതിൽ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ട് ഇതിൽ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയിട്ടുള്ളത്. ഈ വെല്ലുവിളി പ്രതിപക്ഷ നേതാവ് സ്വീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നിർമിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലം കൊണ്ട് എൽഡിഎഫ് സർക്കാർ പണിതിട്ടില്ലെന്നാണ് സതീശന്‍റെ അവകാശവാദം. വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കിയ ഈ പദ്ധതികളുടെ കൃത്യമായ കണക്കുകൾ എൽഡിഎഫ് മന്ത്രിമാർ തന്നെ നിയമസഭയിൽ നൽകിയ മറുപടികളിലുണ്ട്. വികസന കാര്യങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താൻ തയാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.
ഡിവൈഎഫ്ഐ വയനാട്ടിലെ കോൺഗ്രസിന്‍റെ സ്ഥലത്ത് കുടിൽ കെട്ടി സമരം നടത്തിയാൽ അവരെ അടിച്ചോടിക്കുമെന്നും പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. അത് ഞങ്ങൾ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശൻ പറഞ്ഞു. അതേസമയം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. നിങ്ങൾ കോൺഗ്രസിന് പിന്നാലെ മൈക്രോസ്കോപുമായി നടക്കുകയാണ്. പിഡിപി പിന്തുണ നൽകാൻ തീരുമാനിച്ചത് നിങ്ങൾ ആരേലും ചർച്ച ആക്കിയോ. വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ കൊടുത്താൽ മാത്രമാണ് പ്രശ്നമെന്നും വി ഡി സതീശൻ ചോദിച്ചു.














































































