വെഞ്ഞാറമൂട്ടില്‍ എസ്‌ഐആര്‍ ജോലിക്കിടെ ബൂത്ത് ലെവല്‍ ഓഫീസര്‍ കുഴഞ്ഞുവീണു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍) ജോലിക്കിടെ വെഞ്ഞാറമൂട്ടില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) കുഴഞ്ഞുവീണു.
പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞുവീണത്. കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ജോലി സംബന്ധമായി വലിയ സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കി.
ഒരു വീട്ടില്‍ എന്യൂമറേഷന്‍ ഫോം നല്‍കി തിരിച്ചിറങ്ങുന്നതിനിടെ അനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വാമനപുരം നിയോജകമണ്ഡലം 44ാം ബൂത്തിലെ ബിഎല്‍ഒ ആണ്. അനിലിനെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
കണ്ണൂര്‍ പയ്യന്നൂരില്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ബിഎല്‍ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെ എസ്‌ഐആറുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ നേരിടുന്നത് വലിയ സമ്മര്‍ദമാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു.
ജോലി സമ്മര്‍ദം മൂലമായിരുന്നു അനീഷ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെ സമാന അനുഭവങ്ങള്‍ പങ്കുവെച്ച് ബിഎല്‍ഒമാര്‍ രംഗത്തെത്തിയിരുന്നു.












































































