വടക്കാഞ്ചേരിയില്‍ ഒന്‍പതുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് കോട്ടയം പാമ്പാടി പങ്ങട സ്വദേശിയുടേത്. അപകടത്തിൽപ്പെട്ട അസുര എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണ് എന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ രേഖകള്‍.
വാഹനത്തിനെതിരെ നിലവിൽ 5 കേസുകളുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.
കോട്ടയം ആർടിഒയുടെ കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി കളേർഡ് ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു, നിയമവിരുദ്ധമായി എയർ ഹോൺ സ്ഥാപിച്ചു. നിയമം ലംഘനം നടത്തി വാഹനമോടിച്ചു ഇങ്ങനെയാണ് കേസുകള്‍ എന്നാണ് മോട്ടോർ വാഹന വകുപ്പ് രേഖകള്‍ പറയുന്നത്.
ബ്ലാക് ലിസ്റ്റിൽ പെടുത്തിയാലും സർവീസ് നടത്തുന്നതിന് തടസമില്ലെന്ന് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.അതിമ വേഗതയില്‍ പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കാഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചത്.
ബസ് അമിതവേഗതയിലാണെന്ന് സ്ഥലം സന്ദര്‍ശിച്ച എംവിഡി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലത്ത് മോട്ടോർ വെഹിക്കിൾ സംഘം പരിശോധന നടത്തുകയാണ്. അപകട സമയം ചാറ്റല്‍ മഴ പെയ്തിരുന്നത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണെന്ന് ദൃക്സാക്ഷികളും പറയുന്നു. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിഞ്ഞു. ഇടിച്ചയുടെ ആഘാതത്തില്‍ നിരങ്ങി നീങ്ങിയ ബസ് ചതുപ്പിലേക്ക് മറിഞ്ഞു. വരുന്ന വഴി മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് പാഞ്ഞെത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി.