തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന യുവതിയെ തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്രയാറിലെ ജിംനേഷ്യത്തിൽ ജോലി ചെയ്‌ത് വരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ശ്രീലക്ഷ്മ്‌മി (30) ആണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. കൂടാതെ മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90500 രൂപയും, ഹാഷിഷ് ഓയിൽ ചില്ലറ വിൽപ്പന നടത്താനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകളും പിടിച്ചെടുത്തു. കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ വെച്ചാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും വലപ്പാട് പൊലീസും ചേർന്ന് പ്രതിയെ പിടികൂടിയത്.














































































