ആലപ്പുഴ: തോട്ടപ്പള്ളിയില്‍ തനിച്ചു താമസിച്ചിരുന്ന അറുപത്തിരണ്ടുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സ്ത്രീയോടു വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നു പ്രതി പോലീസിനു മൊഴി നല്‍കി. ശനിയാഴ്ചയാണ് തൃക്കുന്നപ്പുഴ മുട്ടേക്കാട്ടില്‍ സൈനുലാബ്ദീനെയും ഭാര്യ അനീഷയെയും പിടികൂടിയത്. ഇയാള്‍ മുൻപ് അറുപത്തിരണ്ടുകാരിയുടെ വീടിനുസമീപം വാടകയ്ക്കു താമസിച്ചിരുന്നു. വീടിന്റെ വാടക ഇവരെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്.
വാടക കൃത്യമായി നല്‍കാത്തതിനാല്‍ തന്നെയും അനീഷയെയും നാട്ടുകാരുടെ മുൻപില്‍വെച്ച് നാണംകെടുത്തിയിരുന്നുവെന്നും ഇതില്‍ തനിക്കവരോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നുമാണ് സൈനുലാബ്ദീന്റെ മൊഴി. എന്നാല്‍, ഇതു കൊലപാതകത്തിനു കാരണമായെന്നു പോലീസ് ഉറപ്പിച്ചിട്ടില്ല. കാര്യമായ വരുമാനമൊന്നുമില്ലാത്ത സൈനുലാബ്ദീൻ നിലവില്‍ മീൻകച്ചവടം തുടങ്ങാനുള്ള ശ്രമത്തിലാണ്. അതിനുവേണ്ട പണത്തിനായിരിക്കാം മോഷണത്തിനെത്തിയതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട സ്ത്രീയുമായി ഇരുവർക്കും നല്ല അടുപ്പമുണ്ടായിരുന്നു. ഒരിക്കല്‍ ഇവർ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ അനീഷയായിരുന്നു കൂടെയുണ്ടായിരുന്നത്. അതുകൊണ്ടാകണം തങ്ങളെ തിരിച്ചറിയുമെന്നതിനാല്‍ ദമ്പതിമാർ സ്ത്രീയെ കൊന്നതെന്നും പോലീസ് പറയുന്നു.
സ്ത്രീയുടെ മൊബൈല്‍ ഫോണും കമ്മലും അലമാരയിലുണ്ടായിരുന്ന പണവും ദമ്പതിമാർ മോഷ്ടിച്ചിട്ടുണ്ട്. ഇവരുടെ കൈയിലുണ്ടായിരുന്ന വള കൊണ്ടുപോയിട്ടില്ല. കൈ ചുരുട്ടിപ്പിടിച്ച നിലയിലായതിനാലായിരിക്കാം ഊരാനാകാതിരുന്നത്. അലമാരയില്‍നിന്നു പണം ലഭിച്ചതിനാല്‍ വേണ്ടെന്നുവെച്ചതുമാകാം.
സ്ത്രീയുടെ വീട്ടിലെ മുറിയില്‍നിന്നു പുരുഷന്മാരുടെ 20-ലേറെ മുടികള്‍ ലഭിച്ചിട്ടുണ്ട്. ഒരു മദ്യക്കുപ്പിയും ലഭിച്ചിരുന്നു. ഇതിലെ ക്യൂആർ കോഡ് പരിശോധിച്ചപ്പോള്‍ തൃക്കുന്നപ്പുഴയിലെ ഒരു ബെവറജസില്‍നിന്നാണെന്നു മനസ്സിലായിട്ടുണ്ട്. അനീഷയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അനീഷ ആശുപത്രിയില്‍ത്തന്നെ തുടരേണ്ട സാഹചര്യമുണ്ടായാല്‍ അവിടെവെച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡിലാക്കാനുള്ള നടപടികളിലേക്കു കടക്കുമെന്നും പോലീസ് പറഞ്ഞു.
രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി കവർച്ചനടത്തിയതിനും ദേഹോപദ്രവമേല്‍പ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തിയതിനും തൂക്കുകയർ വരെ കിട്ടാവുന്ന വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കൊലപാതകക്കുറ്റത്തില്‍നിന്ന് ഒഴിവാകുമെങ്കിലും വീട്ടില്‍ അതിക്രമിച്ചുകയറിയതിനും ബലാത്സംഗം നടത്തിയതിനുമുള്ള വകുപ്പുകള്‍ അബൂബക്കറിനെതിരേ നിലനില്‍ക്കും.