കോഴിക്കോട്: എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് പേരെ പിടികൂടി. ഡാൻസാഫ് സംഘവും പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. അരീക്കാട് നല്ലളം ഏർചാം വീട്ടിൽ അബ്ദുൽ സമദ് സഹോദരൻ ഏർചാം വീട്ടിൽ സാജിദ് ജമാൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ എന്നിവരാണ് പിടിയിലായത്.
അതേസമയം നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 30 ഗ്രാം എംഡിഎംഎയുമായാണ് മൂന്നു പേരെ അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് സംഘവും പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്.
2024 ൽ ഇവരെ 18 കിലോഗ്രാം കഞ്ചാവുമായി ബെംഗളൂരൂ പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു. അറഫ നദീർ കഞ്ചാവ് കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് കഴിഞ്ഞ ഓഗസ്റ്റ് 15 ന് ബെംഗളൂരൂ ജയിലിൽ നിന്ന് ഇറങ്ങിയതാണ്.
സാജിദും നദീറും തമ്മിൽ ജയിലിൽ വെച്ചാണ് പരിചയപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടം ചെയ്യുന്നതിന് വേണ്ടിയാണ് ജാമ്യത്തിൽ ഇറങ്ങിയ നദീറിനെ സാജിദ് ജമാൽ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തിയത്. മാത്രമല്ല നദീറിനെ ജാമ്യത്തിൽ ഇറങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയതും സാജിദ് ആയിരുന്നു.