കോട്ടയം സഹോദയയുടെ നേതൃത്വത്തിൽ നടത്തുന്ന സിബിഎസ്ഇ സ്കൂൾ കലോത്സവം സർഗസംഗമം 2025 4, 9, 10, 11 തീയതികളിൽ ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ സീനിയർ സെക്കൻഡറി സ്കൂൾ, ക്രിസ്തുജ്യോതി ക്യാംപസ് എന്നിവിടങ്ങളിലായി നടത്തും. 4 ന് ചിത്രരചന മത്സരങ്ങൾ, കഥ രചന, ഉപന്യാസ മത്സരങ്ങൾ എന്നിവ നടക്കും.
9ന് 10 മണിക്ക് നടനും സംവിധായകനുമായ മേജർ രവിയും നടി അനന്യയും മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം സഹോദയയിലെ 100 സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം പ്രതിഭകൾ പങ്കെടുക്കും. 4 വിഭാഗങ്ങളിലായി 140 ഇനങ്ങളിൽ 22 വേദികളിലായി കലാമത്സരങ്ങൾ നടത്തും.
11ന് വൈകിട്ട് 3ന് സമാപനസമ്മേളനത്തിൽ ജോബ് മൈക്കിൾ എംഎൽഎ സമ്മാനങ്ങൾ നൽകും. ഒരുക്കങ്ങൾ പൂർത്തിയായതായി പ്ലാസിഡ് വിദ്യാവിഹാർ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ്, പിടിഎ പ്രസിഡന്റ് മനോജ് മാത്യു പാലാത്ര, ടി സി ബിജോ, സി വി ബെന്നിച്ചൻ എന്നിവർ പറഞ്ഞു.