കണിച്ചുകുളങ്ങര: പിന്നാക്ക സമുദായങ്ങളോടുള്ള അവഗണനയുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ രണ്ടാം സർവമത സമ്മേളനം ആവശ്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പണ്ട് കൈയൂക്കും സമ്പത്തും കൊണ്ട് പിന്നാക്കക്കാരെ അടിച്ചമർത്തിയിരുന്നതെങ്കില്‍ ഇന്ന് വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെയാണ് അടിച്ചമർത്തലെന്നും അദ്ദേഹം പറഞ്ഞു. എസ്‌എൻഡിപി യോഗം അമ്പലപ്പുഴ , കണിച്ചുകുളങ്ങര യൂണിയനുകളിലെ ശാഖാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കണ്ടാലും കൊണ്ടാലും മനസ്സിലാക്കാത്തവരായി ഈഴവ സമുദായം മാറിയെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. വിദ്യാഭാസമേഖലയില്‍പ്പോലും നീതി കിട്ടിയിട്ടില്ല. മുസ്‌ലിം സമുദായത്തിന് 4,200 സ്കൂളുകളുണ്ട്. ക്രൈസ്തവ സമുദായത്തിന് 7,923 സ്കൂളുകളും. എന്നാല്‍, ഈഴവ സമുദായത്തിന് 305 സ്കൂളുകളേ ഉള്ളൂ. പലരൂപത്തിലും ഭാവത്തിലും സമ്പത്ത് സംഘടിത സമുദായങ്ങള്‍ക്കു കിട്ടുന്നുണ്ട്. മുസ്‌ലിം സമുദായത്തിന് കുറച്ചുകാലത്തേക്ക് അധികാരം ലഭിച്ചപ്പോള്‍ 42 കോളേജുകളാണ് നേടിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ക്രൈസ്തവ സമുദായത്തിന് 79 കോളേജുണ്ട്. അവർ പണ്ട് രാജവാഴ്ചക്കാലം മുതലേ ഉള്ളവരാണ്. ഈഴവ സമുദായത്തിന് 18 കോളേജ് മാത്രം. സാമുദായികശക്തി നേടിയാല്‍മാത്രമേ സാമൂഹികനീതി നേടാൻ പറ്റൂ. നിയമസഭയിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമുദായത്തിന്റെ ആളുകളെ ജയിപ്പിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി പി.എസ്.എൻ. ബാബു, അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ കെ.കെ. പുരുഷോത്തമൻ, വി.എം. പുരുഷോത്തമൻ, ഹരിദാസ്, പി.കെ. ധനേശൻ, അമ്പലപ്പുഴ ബി. രഘുനാഥ്, പി.വി. സാനു, എം.കെ. രംഗരാജൻ, കെ.പി. പരീക്ഷിത്ത് തുടങ്ങിയവർ പങ്കെടുത്തു.