മുംബൈ: സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് പരിധി അഞ്ചുമടങ്ങായി ഉയർത്തിയത് പ്രതിഷേധങ്ങളെ തുടർന്ന് പ്രമുഖ സ്വകാര്യബാങ്കായ ഐസിഐസിഐ ബാങ്ക് കുറച്ചു
ഓഗസ്റ്റ് ഒന്നിനുശേഷം തുറക്കുന്ന സെലക്‌ട്, വെല്‍ത്ത്, പ്രൈവറ്റ്, പെൻഷനേഴ്സ്, മുതിർന്നപൗരർ എന്നീവിഭാഗത്തിലുള്ള സേവിങ്സ് അക്കൗണ്ടുകള്‍ക്കായിരുന്നു മിനിമം ബാലൻസ് പരിധി കുത്തനെ ഉയർത്തിയിരുന്നത്.
കുറഞ്ഞ മിനിമം ബാലൻസ് പരിധി മെട്രോനഗരങ്ങളില്‍ മാസം ശരാശരി 50,000 രൂപയാക്കിയിരുന്നു. ഇത് 15000 രൂപയാക്കി കുറച്ചു. മുമ്പ് പതിനായിരം രുപയായിരുന്നതാണ് ഒറ്റയടിക്ക് അമ്പതിനായിരം ആക്കി ഉയർത്തിയിരുന്നത്.
ചെറുനഗരങ്ങളിലിത് 5,000 രൂപയില്‍നിന്ന് 25,000 രൂപയായും ഉയർത്തിയിരുന്നു. ഇത് ഇപ്പോള്‍ 7500 രൂപയാക്കി കുറച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ കുറഞ്ഞ മിനിമം ബാലൻസ് പരിധി 2,500 രൂപയില്‍നിന്ന് 10,000 രൂപയായും ഉയർത്തിയിരുന്നു. ഇത് 2500 രൂപ തന്നെയാക്കി നിലനിർത്തുകയും ചെയ്തു.
പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ദിവസങ്ങള്‍ക്ക് മുൻപ് മാത്രം വരുത്തിയ മാറ്റമാണ് പ്രതിഷേധങ്ങളെ തുടർന്ന് ഐസിഐസിഐ ബാങ്ക് പിൻവലിച്ചിരിക്കുന്നത്.
പുതിയ മാറ്റങ്ങള്‍ സാലറി അക്കൗണ്ടുകള്‍, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, പെൻഷൻകാർ, ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍, ജൻധൻ അക്കൗണ്ടുകള്‍, പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ അക്കൗണ്ടുകള്‍ എന്നിവയ്ക്ക് ബാധകമല്ല.