സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവ മാന്വല്‍ പരിഷ്കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ പരിഷ്കാരപ്രകാരം വർക്കിംഗ്, സ്റ്റില്‍ മോഡലുകളുടെ നിർമ്മാണം വിദ്യാർഥികള്‍ തന്നെ ചെയ്യണം. നിർമ്മാണ വേളയിലെ വിഡിയോകളും ചിത്രങ്ങളും പകർത്തണം. മത്സര സമയത്ത് 5 മിനിട്ടില്‍ കവിയാത്ത നിര്‍മ്മാണ വിഡിയോയും വിധി നിര്‍ണയത്തിനായി കൈമാറണമെന്ന് പരിഷ്കരിച്ച മാന്വലില്‍ പറയുന്നു. ഗവേഷണാത്മക പ്രോജക്ടുകള്‍ക്കും വിഡിയോ നിബന്ധന ബാധകമാണ്. ഒപ്പം ഫോട്ടോകള്‍ പ്രദർശിപ്പിക്കുകയും വേണം.
പ്രൈമറി തലത്തില്‍ പരിസര നിരീക്ഷണം നടത്തി കുറിപ്പ് തയ്യാറാക്കാനും, റോബോര്‍ട്ടിക്‌സ്, ഇലക്‌ട്രോണിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് എന്നീ തല്‍സമയ മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി പരിചയ മേളയില്‍ നിന്ന് കുട, ചോക്ക്, ചന്ദനത്തിരി നിർമ്മാണ മത്സര ഇനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. നവംബർ 7 മുതല്‍ 10 വരെ പാലക്കാട് ജില്ലയിലാണ് ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള നടക്കുന്നത്.