പള്ളി ഓഡിറ്റോറിയത്തിലെയും, സമീപത്തെ സ്കൂളിലേതുമായി 22 സ്റ്റെയിൻലെസ് സ്റ്റീൽ ടാപ്പുകൾ കവർന്ന് ശേഷം പകരം പ്ലാസ്റ്റിക് ടാപ്പുകൾ സ്ഥാപിച്ചാണ് കള്ളന്റെ വ്യത്യസ്തയാർന്ന മോഷണം നടന്നത്.
കൊല്ലാട് സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിലെ ഓഡിറ്റോറിയത്തോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന 20 സ്റ്റെയിൻലെസ് സ്റ്റീൽ ടാപ്പുകളും, സമീപത്തെ സ്കൂളിലെ രണ്ട് ടാപ്പുകളുമാണ് മോഷ്ടിച്ചിരിക്കുന്നത്.
ഇവയ്ക്ക് പകരം പഴകിയ പ്ലാസ്റ്റിക് ടാപ്പുകളും മോഷ്ടാവ് ഘടിപ്പിച്ചിട്ടുണ്ട്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എസിവി ന്യൂസിന് ലഭിച്ചു.
ഇന്ന് പുലർച്ചെ 12 മണിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.
ഇന്നലെ പകൽ 2.30 ഓടെ ദേവാലയത്തിന് സമീപം അപരിചിതനെ പള്ളി കെയർടേക്കർ കൊച്ചുമോൻ കണ്ടിരുന്നു. ഇദ്ദേഹം വരുന്നത് കണ്ട് യുവാവ് പള്ളിയുടെ പിന്നിലെ മതിൽ ചാടിക്കടന്ന് ഓടി മറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദേവാലയ അധികൃതർ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
തുടർന്ന് രാത്രി 10 മണിക്ക് 11 മണിക്ക് ശേഷവും പോലീസ് പട്രോളിങും നടന്നിരുന്നു.
ഇതിന് ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. ടാപ്പിന് സമീപമുള്ള സിസിടിവി യും ഇയാൾ കേടുവരുത്തിയ ശേഷമാണ് മോഷണം നടത്തിയത്.
ഒരു വർഷം മുമ്പ് മാത്രം പള്ളിയിൽ സ്ഥാപിച്ച പുതിയ ടാപ്പുകളാണ് മോഷണം പോയിരിക്കുന്നതെന്ന് ദേവാലയ വികാരി ഫാ. തോമസ് ഗീവർഗീസ്, സഹവികാരി ഫാ. കുര്യാക്കോസ് കുര്യാക്കോസ് എന്നിവർ പറഞ്ഞു.
പാൻസും, ചുവന്ന ടീഷർട്ടും ധരിച്ച ഏറെ പൊക്കം ഇല്ലാത്ത കറുത്ത നിറമുള്ള യുവാവാണ് മോഷണം നടത്തിയിരിക്കുന്നത്. മാസ്ക് ധരിച്ചെത്തിയ ഇയാളുടെ കൈവശം ഒരു ബാഗും ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
ഏകദേശം സമാനമായ രീതിയിൽ രണ്ട് ആഴ്ച മുമ്പ് മാങ്ങാനം പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയിലും ടാപ്പ് മോഷണം നടന്നിരുന്നു.
ഈ വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.