തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നേടിയ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ടീം അംഗവും ഇന്ത്യൻ താരവുമായ സഞ്ജു സാംസന്റെ സമ്മാനം. കെസിഎല്‍ ലേലത്തില്‍ തനിക്ക് ലഭിച്ച 26.80 ലക്ഷം രൂപ കൊച്ചി ടീം അംഗങ്ങള്‍ക്ക് വീതിച്ചു നല്‍കും. ഗ്രൂപ്പ് ഘട്ടത്തില്‍ കൊച്ചിക്കായി കളിച്ച സഞ്ജു, ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ സെമിയും ഫൈനലും കളിക്കാതെ ദേശീയ ടീം ക്യാമ്ബിലേക്ക് മടങ്ങിയിരുന്നു. സഞ്ജു ഇല്ലാതെയാണ് കൊച്ചി ടീം സെമിയും ഫൈനലും ജയിച്ചത്. ഫൈനലില്‍ ഏരീസ് കൊല്ലം സെയ്ലേഴ്സിനെ 75 റണ്‍സിന് കീഴടക്കിയായിരുന്നു കൊച്ചിയുടെ കിരീട നേട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ചിരുന്നപ്പോള്‍ തനിക്ക് ലഭിച്ചിരുന്ന മാച്ച് ഫീ, അതത് മത്സരങ്ങളില്‍ കൊച്ചിക്കായി മികച്ച കളി പുറത്തെടുത്ത താരങ്ങള്‍ക്ക് നല്‍കുകയായിരുന്നു സഞ്ജു.
താരലേലത്തില്‍ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറിയിരുന്നു. തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയല്‍സും ഉയർത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്.