കോട്ടയം: കുടുംബശ്രീയുടെ നയിചേതന 4.0 - 'ഉയരെ'' ജെൻഡർ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല കലാജാഥ ഇന്ന് തുടങ്ങും. പായിപ്പാട് നാല് കോടി ജംഗ്ഷനിൽ നിന്ന് രാവിലെ 10ന് ആരംഭിക്കുന്ന കലാജാഥ പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിലകുമാരി പ്രസന്നൻ ഉദ്ഘാടനം ചെയ്യും.
ലിംഗസമത്വം, ലിംഗാവബോധം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത, കുടുംബശ്രീ മുഖേന സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുന്ന വിവിധ പിന്തുണാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണമാണ് കലാജാഥയുടെ ലക്ഷ്യം.
കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയുടെ സംസ്ഥാന കൺസോർഷ്യത്തിൽ അംഗങ്ങളായ വനിതകളാണ് കലാജാഥ അവതരിപ്പിക്കുന്നത്. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവതരണം നടത്തിയ ശേഷം പ്രവിത്താനം ജംഗ്ഷനിൽ കലാജാഥ സമാപിക്കും.














































































