കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് തിങ്കളാഴ്ച മുതൽ ജനുവരി 15 വരെ അടച്ചിടാൻ ഉത്തരവ്. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ ആണ് ഉത്തരവിട്ടത്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല. ജാതി വിവേചനം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥി സമരം നടന്നു വരികയാണ്. സമരത്തെ തുടർന്നുള്ള ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടി കോളേജ് ഇന്ന് വരെ അടച്ചിടാൻ മുൻപ് തീരുമാനിച്ചിരുന്നു. വിദ്യാർഥികൾ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചതോടെയാണ് 15 വരെ കോളേജ് അടച്ചിടാൻ കളക്ടർ ഉത്തരവിട്ടത്. കോളേജിൽ അന്വേഷണ കമ്മീഷൻ വിദ്യാർത്ഥികളുടെ മൊഴിയെടുക്കുകയും, ജാതി സംവരണം അട്ടിമറിച്ചതിന്റെ തെളിവുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
