കണ്ണൂര്‍: കണ്ണൂരില്‍ റെയില്‍വേ പാളത്തില്‍ കരിങ്കല്‍ ചീളുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അഞ്ചുവിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് വന്ദേഭാരത് കടന്നുപോകുന്നതിനിടയില്‍ കണ്ണൂരിനും വളപട്ടണത്തിനും ഇടയില്‍ പന്നേന്‍പാറയ്ക്കടുത്താണ് പാളത്തില്‍ വിദ്യാർഥികള്‍ കല്ലുവച്ചത്. വന്ദേഭാരത് കടന്നുപോകുന്നതിനിടെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ കല്ലുവച്ചതായി കണ്ടത്. തുടർന്ന് ആർപിഎഫിനെ വിവരം അറിയിച്ചു.
ആര്‍പിഎഫ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ ട്രാക്കിന്‍റെ പരിസരത്തായി വിദ്യാര്‍ഥികളുമുണ്ടായിരുന്നു. ചോദ്യം ചെയ്തതതോടെ വിദ്യാര്‍ഥികള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ട്രാക്കില്‍ കല്ല് സ്ഥാപിച്ച് വിദ്യാര്‍ഥികള്‍ മാറി നില്‍ക്കുകയായിരുന്നു. ട്രെയിന്‍ കടന്നുപോകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയെ തുടര്‍ന്ന് ചെയ്തതാണെന്നും വിദ്യാര്‍ഥികള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദ്യാര്‍ഥികളുടെ പേരില്‍ കേസെടുക്കുമെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗ് നല്‍കി രക്ഷിതാക്കളോടൊപ്പം വിട്ടയച്ചു.
ഒന്പത്, പത്ത്, പ്ലസ് വണ്‍ ക്ലാസുകളിലെ വിദ്യാർഥികളാണ് പാളത്തില്‍ കല്ലുകള്‍വച്ചത്. കണ്ണൂരില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകളു മറ്റും വച്ച് ഭീതിയുണ്ടാക്കുന്ന സംഭവം നിരന്തരമുണ്ടാകുകയാണ്. ഈ സംഭവത്തിന് പിന്നിലെല്ലാം വിദ്യാര്‍ഥികളാണ് പിടിയിലാകുന്നത്. കഴിഞ്ഞമാസം 12നും ഇവിടെ സമാന സംഭവമുണ്ടായിരുന്നു. വൈകുന്നേരം 3.15ന് വന്ദേഭാരത് കടന്നുപോകുന്ന സമയത്ത് ട്രാക്കില്‍ കല്ലുനിരത്തിയിരുന്നു.
പതിനാലോളം കരിങ്കല്ലുകള്‍ നിരത്തിയ നിലയിലായിരുന്നു. കടന്നു പോകുമ്പോള്‍ കുലുക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ട് വളപട്ടണം പാലത്തില്‍ നിര്‍ത്തി. സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തശേഷമാണ് വീണ്ടും യാത്ര തുടര്‍ന്നത്. സംഭവത്തില്‍ ആര്‍പിഎഫ് ഒഡിഷ സ്വദേശികളായ രണ്ട് കുട്ടികളെ പിടികൂടി ചേദ്യംചെയ്ത് വിട്ടയച്ചു.