തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ പൂർത്തിയാക്കി രോഗം ഭേദമായ 43 സ്ത്രീകളെയും 57 പുരുഷൻമാരെയും ബന്ധുക്കൾ ഏറ്റെടുത്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിൽ 24 സ്ത്രീകളും 42 പുരുഷൻമാരും ഇതര സംസ്ഥാനക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ നിയോഗിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് ബന്ധുക്കൾ ഏറ്റെടുക്കാത്തവരെ മാറ്റണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കഴിഞ്ഞ നവംബർ 17ന് ജസ്റ്റിസ് ആൻ്റണി ഡൊമിനിക് പേരൂർക്കട മാനസികാരോഗ്യകേന്ദ്രം സന്ദർശിച്ച് നിരവധി നിർദ്ദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ജനുവരി 5 ന് ഉന്നതതല യോഗം വിളിച്ചു ചേർത്തു.കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.