തിരുവനന്തപുരം: കൊവിഡ് ഭീതിമൂലം വിദേശ ടൂറിസ്റ്റുകള്‍ എത്താന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.'ടൂറിസം മേഖലയില്‍ മാത്രം കൊവിഡ് മൂലം 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം 3300 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
ഇതിലൂടെ വിദേശനാണ്യ വിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്. 2016ല്‍ 13 കോടി ആഭ്യന്തര വിനോദസഞ്ചാരികള്‍ കേരളത്തിലേക്ക് വന്നെങ്കില്‍ 2020-ല്‍ അത് വെറും 45 ലക്ഷമായി കുറഞ്ഞു'- മന്ത്രി പറഞ്ഞു.കൊവിഡ് സാഹചര്യം പരിഗണിച്ച് ഈ വര്‍ഷത്തെ ഓണാഘോഷം ടൂറിസം വകുപ്പ് ഓണ്‍ലൈനിലാക്കി.
വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്ന ആശയം മുന്‍നിര്‍ത്തി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഇക്കുറി ഓണ്‍ലൈന്‍ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ പൂക്കളമത്സരത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14-ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.