മുഖ്യമന്ത്രി സ്ഥാനത്തെകുറിച്ചുള്ള ചർച്ച ഇപ്പോള്‍ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 100 സീറ്റ് നേടി അധികാരത്തിൽ വരുകയാണ് ലക്ഷ്യം.
ഒരു മുഖ്യമന്ത്രി ചർച്ചയും കോണ്‍ഗ്രസില്‍ നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
മുതിർന്ന നേതാക്കളുമായി സംസാരിച്ച് കർണാടക മാതൃകയില്‍ മുന്നോട്ട് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനും പറഞ്ഞു. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ജയിച്ചുവരുന്ന എംഎൽഎമാരുടെ അഭിപ്രായം നോക്കിയാണ് തീരുമാനമെടുക്കുകയെന്നും ഭൂരിപക്ഷം എംഎൽഎമാർ ആരുടെ പേര് പറയുന്നോ അവരെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. ഇപ്പോൾ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ടീം യുഡിഎഫ് 100 സീറ്റ് നേടുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആയിരിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും നേരത്തെ പറഞ്ഞിരുന്നത്.
യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യൻ പറഞ്ഞിരുന്നു.
തിരുവല്ലയിലെ യുഡിഎഫ് കണ്‍വെൻഷനില്‍ രമേശ് ചെന്നിത്തല വേദിയില്‍ ഇരിക്കെയാണ് പി ജെ കുര്യന്റെ പ്രസ്താവന.













































































