ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിന്ന് ഓരോ നിമിഷവും ഉദ്വേഗം നിറയുന്ന വിവരങ്ങളാണ് വരുന്നത്. ഒരു ഭാഗത്ത് സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം നടത്തുന്ന വിജയ് മറുഭാഗത്ത് മറ്റു പാര്‍ട്ടിയിലെ എംഎല്‍എമാരെ ചാടിക്കാനും ശ്രമിക്കുന്നു എന്ന് റിപ്പോര്‍ട്ട്.
അണ്ണാഡിഎംകെ വിട്ട് ടിവികെയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് കെ സെങ്കോട്ടയ്യനാണ് പുതിയ ദൗത്യത്തിന്റെ ചുമതല. ഇദ്ദേഹത്തെ പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം.
വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചു. 118 എന്ന കേവല ഭൂരിപക്ഷം മറികടക്കാന്‍ വിജയ്ക്ക് ഇതുവഴി സാധിക്കും. എന്നാല്‍ ഏത് സമയവും ആശങ്കയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വിജയ് മനസിലാക്കുന്നു. ഈ സാഹച്യത്തിലാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെയും മുതിര്‍ന്ന നേതാക്കളെയും ടിവികെയില്‍ എത്തിക്കാന്‍ നീക്കം നടക്കുന്നത്.
പഴയ മന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍, എംഎല്‍എമാര്‍ എന്നിവരുമായി സെങ്കോട്ടയ്യന്റെ നിര്‍ദേശ പ്രകാരം ടിവികെ പ്രതിനിധികള്‍ ബന്ധപ്പെടുന്നുണ്ട്. രാജ്യസഭ എംപി പദവി, മന്ത്രിസ്ഥാനം, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മേയര്‍ ഉള്‍പ്പെടെയുള്ള പദവികള്‍ എന്നിവയാണ് വാഗ്ദാനം ചെയ്യുന്നതത്രെ. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട അണ്ണാഡിഎംകെയില്‍ നിരവധി നേതാക്കള്‍ അതൃപ്തിയിലാണ്.
തമിഴ്‌നാട്ടില്‍ ഇനി വിജയ് യുഗമാണ് എന്ന് കരുതുന്ന നേതാക്കള്‍ അണ്ണാഡിഎംകെയിലുണ്ട്. അവരെയാണ് സെങ്കോട്ടയ്യനും സംഘവും നോട്ടമിടുന്നത്. മാത്രമല്ല, പാര്‍ട്ടി ചെയര്‍മാന്‍ എടപ്പാടി പളനിസ്വാമിയുടെ നിലപാടുകളോട് വിയോജിപ്പുള്ള എംഎല്‍എമാരും അണ്ണാഡിഎംകെയിലുണ്ട്. ഇവരെല്ലാം കൂടെ വരുമെന്ന പ്രതീക്ഷയാണ് ടിവികെക്ക്. അല്ലെങ്കില്‍ നിയമസഭയില്‍ ഇവരുടെ പിന്തുണ ലഭിക്കുമെന്നു ടിവികെ നേതൃത്വം കരുതുന്നു.
സിവി ഷണ്‍മുഖം, എസ്പി വേലുമണി, കെസി കറുപ്പണ്ണന്‍, സി വിജയഭാസ്‌കര്‍ എന്നിവരുള്‍പ്പെടെയുള്ള അണ്ണാഡിഎംകെയിലെ ഒരുവിഭാഗം വിജയ്ക്ക് കൈ കൊടുക്കണം എന്ന നിലപാടിലാണ്. എടപ്പാടി പളനിസ്വാമിയുമായും ടിവികെ നേതാക്കള്‍ അതിനിടെ ചര്‍ച്ച നടത്തി. കൊങ്കുനാട് ഉള്‍പ്പെടെയുള്ള മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായും സെങ്കോട്ടയ്യന്‍ ചര്‍ച്ച നടത്തുന്നു എന്ന വിവവരും വന്നിട്ടുണ്ട്. തങ്കമണി, രാജേന്ദ്ര ബാലാജി എന്നിവരുമായും സംസാരിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അണ്ണാഡിഎംകെ വിട്ട് ടിവികെയില്‍ എത്തിയേക്കും. ഇതില്‍ എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളുമുണ്ടാകും. ടിവികെ നടത്തുന്ന നീക്കങ്ങളെ എടപ്പാടി പളനിസ്വാമി എങ്ങനെ പ്രതിരോധിക്കുമെന്നതും നിര്‍ണായകമാണ്. കൂറുമാറ്റ നിരോധന നിയമം ഭയന്ന് ചില എംഎല്‍എമാര്‍ രാജിക്ക് മടി കാണിക്കുന്നുണ്ട്. ഇവരുടെ പിന്തുണ നിയമസഭയില്‍ ഉറപ്പാക്കാനുള്ള നീക്കങ്ങളും ടിവികെ നേതൃത്വം നടത്തുന്നുണ്ടത്രെ.














































































