എൽഡിഎഫിൽ സ്ഥാനാർഥി നിർണ്ണയം അനിശ്ചിതത്വത്തിൽ.
യുഡിഎഫ് 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ഇന്നുമുതൽ പ്രചരണം ആരംഭിച്ചപ്പോൾ എൽഡിഎഫിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായില്ല.
നാല് പ്രധാന മണ്ഡലങ്ങളിൽ ആണ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധിക്കാത്തത്. ഘടകകക്ഷികൾക്കിടയിൽ സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി നിലനിൽക്കുന്ന കടുത്ത ഭിന്നതയാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
തിരുവനന്തപുരം, കാസർകോട്, വള്ളിക്കുന്ന്, താനൂർ എന്നിവിടങ്ങളിലാണ് സ്ഥാനാർഥികളില്ലാത്തത്. ഘടകകക്ഷികൾക്കിടയിലാണ് സീറ്റ് വിഭജനത്തിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പലപ്പോഴും സമവായത്തിലെത്താതെ നീണ്ടുപോകുകയാണ്. തിരുവനന്തപുരം ആൻ്റണി രാജു പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ്. എന്നാൽ അദ്ദേഹത്തിന് ശിക്ഷയിൽ ഇളവ് ലഭിക്കാത്ത സാഹചര്യത്തിൽ പുതിയ സ്ഥാനാർഥിയെ ജനാധിപത്യ കേരള കോൺഗ്രസിന് കണ്ടെത്തേണ്ടതായിട്ടുണ്ട്. സിറ്റിങ് സീറ്റായ താനൂരിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ സാധിച്ചിട്ടില്ല. കാസർകോടും വള്ളികുന്നും ഐഎൻഎല്ലിൻ്റെ സീറ്റാണ്. ഇവിടെയും സ്ഥാനാർഥികളെ കണ്ടെത്താൻ പാർട്ടിക്ക് സാധിച്ചിട്ടില്ല.
തിങ്കളാഴ്ചയാണ് പത്രിക സ്വീകരിക്കാനുള്ള അവസാന ദിവസമായി ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുകയും പ്രാദേശിക കൺവെൻഷനുകൾ വിളിച്ചുചേർക്കുകയും ചെയ്യുന്നുണ്ടെങ്കിലും സ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തത് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. കൺവെൻഷനുകളിൽ സ്ഥാനാർഥിയുടെ അഭാവം പ്രചാരണത്തിന്റെ ആവേശം കുറയ്ക്കുന്നു.
എൻഡിഎ മുന്നണിയും ഏതാനും സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുണ്ട് എന്നതാണ് എൽഡിഎഫിന് ആശ്വാസകരമായി ഉള്ളത്.













































































