തിരുവനന്തപുരം: ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000ത്തിൽ നിന്ന് 3500 ആക്കിയ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കേരളത്തിലെ ആശമാർ. ഈ തീരുമാനത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുകയാണ് എന്നും കേരളത്തിൽ എംപിമാർ പാർലമെന്റിൽ കൃത്യമായി വിഷയം ഉന്നയിച്ചെന്നും ആശ വർക്കേഴ്സ് അസോസിയേഷൻ നേതാവ് എസ് മിനി പറഞ്ഞു.
കേരളത്തിൽ നടക്കുന്ന ഈ സമരത്തെത്തുടർന്ന് രാജ്യത്തെ എല്ലാ ആശ വർക്കർമാർക്കും പ്രയോജനം ലഭിച്ചുവെന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ ഹോണറേറിയവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും മിനി പറഞ്ഞു.
എൻ കെ പ്രേമചന്ദ്രൻ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ്റാവു ജാദവാണ് ഇക്കാര്യം അറിയിച്ചത്. 10 വർഷം സേവനമനുഷ്ടിച്ചവർക്കുള്ള വിരമിക്കൽ ആനുകൂല്യം 20,000 രൂപയിൽ നിന്ന് 50,000 രൂപയാക്കിയും വർധിപ്പിച്ചിട്ടുണ്ട്.
ആശമാരുടെ വിവിധ വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കേണ്ടത് അതത് സംസ്ഥാന സർക്കാരാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആശമാരുടെ ഇൻസന്റീവിൽ കാലാനുസൃതമായി മാറ്റം വരേണ്ടതുണ്ട്. ഓരോ പദ്ധതിയുടെയും മുൻഗണനയും ആവശ്യവും അനുസരിച്ചാണ് മാറ്റം വരുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തിൻറെ പല ഭാഗത്തും ആശ വർക്കർമാർക്ക് യൂണിഫോം, ഐഡി കാർഡുകൾ, മൊബൈൽ ഫോണുകൾ, സൈക്കിളുകൾ എന്നിവ തങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
പ്രധാൻമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, അപകടത്തിൽ മരിക്കുന്നവർക്ക് രണ്ടുലക്ഷം രൂപ, അംഗവൈകല്യം സംഭവിക്കുന്നവർക്ക് ഒരു ലക്ഷം രൂപ എന്നിവ നൽകിവരുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ആശ സമരം 170-ാം ദിവസത്തിലേക്ക് കടക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ ഇൻസന്റീവ് വർധിപ്പിച്ചിരിക്കുന്നത്. വിരമിക്കൽ അനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകണം, ഹോണറേറിയം 7000ത്തിൽ നിന്ന് 21000 ആയി വർധിപ്പിക്കണം എന്നതാണ് സമരം ചെയ്യുന്നവരുടെ ആവശ്യം.