വിവാദ സിനിമ കേരള സ്റ്റോറി ആരും കാണുന്നില്ല എന്നത് നല്ല കാര്യമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരള സ്റ്റോറി സിനിമ ആരും കാണുന്നില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ യഥാർത്ഥ പാരമ്പര്യവും സംസ്കാരവും ഈ സിനിമയിൽ കാണിക്കുന്നതല്ലെന്ന് രാജ്യത്തെ ഭൂരിഭാഗം പേർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി കുട്ടിക്കാനം മരിയൻ കോളജിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് പ്രതികരണം. കേരളം എന്താണെന്ന് എല്ലാവർക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും പ്രൊപ്പഗാണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നു. രാജ്യത്തിന് ഹാനിയുണ്ടാക്കുന്നുവെന്ന് രാഹുൽ പറഞ്ഞു.അണിയറക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ഫെബ്രുവരി 27 ന് തന്നെ ചിത്രം തിയറ്ററുകളിൽ എത്തി. എന്നാൽ 2023 ൽ എത്തിയ ആദ്യ ഭാഗം പോലെ ഉത്തരേന്ത്യയിൽ ഒരു ട്രെൻഡ് സൃഷ്ടിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. കേരളത്തിലെ ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ചിത്രം ആറ് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത് 24 ലക്ഷം രൂപയാണ്. 20 കോടിയോളം മുടക്കുമുതൽ ഉണ്ടായിരുന്ന ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
രണ്ട് ഭാഗങ്ങളുടെയും നിർമ്മാതാവ് ഒരേ ആൾ ആണെങ്കിലും സംവിധായകർ രണ്ട് പേരാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് സുദീപ്തോ സെൻ ആയിരുന്നെങ്കിൽ രണ്ടാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് കാമാഖ്യ നാരായൺ സിംഗ് ആണ്.














































































