പത്തനംതിട്ട: മാലിന്യവാഹിനിയായി പുണ്യനദിയായ പമ്പ ഒഴുകുന്നു. ഹോട്ടല്‍ മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും അടക്കം വഹിച്ചാണ് പമ്പ ഒഴുകുന്നത്. സമീപത്തെ ഹോട്ടലില്‍ നിന്നുള്ള മാലിന്യങ്ങളും ശുചിമുറി മാലിന്യങ്ങളും നേരിട്ട് നദിയിലേക്ക് ഒഴുക്കി വിടുകയാണ്.
മണ്ഡലകാലത്ത് നൂറ് മില്ലി ലിറ്റർ വെള്ളത്തില്‍ അയ്യായിരം കോളിഫോം ബാക്ടീരിയ ഉണ്ടെന്നാണ് റിപ്പോർട്ട്. തീർത്ഥാടകർ എറിയുന്ന വസ്ത്രങ്ങളും നദിയില്‍ കുമിഞ്ഞുകൂടുകയാണ്. മണ്ഡലകാലത്ത് കോടിക്കണക്കിന് ഭക്തരാണ് ഈ മാലിന്യം നിറഞ്ഞ പമ്പയില്‍ മുങ്ങിക്കുളിച്ച് അയ്യപ്പൻ മല ചവിട്ടുന്നത്.
പമ്പയുടെ ശുചിത്വം ഉറപ്പാക്കാൻ ശാശ്വത പദ്ധതിവേണമെന്ന് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഇക്കാര്യം പരിഗണിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. പമ്പയില്‍ ഉപേക്ഷിക്കപ്പെട്ട വസ്ത്രങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. ഇവ കൃത്യമായി നീക്കം ചെയ്യാനുള്ള സംവിധാനം പോലും ഇല്ല. കൂടുതലായും അന്യസംസ്ഥാന ഭക്തരാണ് പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതിനെതിരെ വിവിധ ഭാഷകളില്‍ വ്യാപക ബോധവല്‍ക്കരണം നടത്തണമെന്ന് ഹൈക്കോടതിയടക്കം ആവശ്യപ്പെട്ടിരുന്നു. അതിനുള്ള നടപടിയുമുണ്ടിയിട്ടില്ല.
മണ്ഡലകാലത്തിന് തൊട്ടുമുൻപാണ് എട്ട് കോടിയോളം ചെലവഴിച്ച് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം നടത്തിയത്. ഇതിന്റെ പകുതി തുകയുണ്ടായിരുന്നെങ്കില്‍ നദി ശുചികരിക്കാമായിരുന്നില്ലേയെന്നാണ് നെഞ്ചുപൊട്ടി ഭക്തർ ചോദിക്കുന്നത്.















































































