ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പറന്ന ഇൻഡിഗോ 6ഇ2142 വിമാനമാണ് അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടത്. ആടിയുലഞ്ഞ വിമാനം ശ്രീനഗർ വിമാനത്തിൽ അടിയന്തരമായി ഇറക്കി. യാത്ര ആരംഭിച്ച് 45-ാം മിനിറ്റിലാണ് മോശം കാലവസ്ഥ വിമാനത്തിൻ്റെ യാത്രയെ ബാധിച്ചെന്ന വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചത്. അടിയന്തര ലാൻഡിങ്ങിന് അനുമതി തേടിയ വിമാനം വൈകിട്ട് 6.45 ന് സുരക്ഷിതമായി ലാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തതിട്ടില്ല. അതേസമയം വിമാനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകാശച്ചുഴിയിൽപ്പെട്ട് വിമാനം ശക്തമായി കുലുങ്ങുമ്പോൾ യാത്രക്കാർ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. പെട്ടെന്നുണ്ടായ ശക്തമായ ആലിപ്പഴവർഷം ഉൾപ്പെടെ വിമാനത്തെപ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.