പുത്തൻകാവ് പള്ളിമുറ്റത്തുനിന്നു നോക്കിയപ്പോൾ ലോകം സമുദ്രം പോലെ കാണപ്പെട്ടു. സഹ്യപർവതം മുഴുവൻ പൊടിച്ചു കലക്കിയാണ് വരവ്. പാമ്പും കീരിയും കോഴിയും ആറ്റിലൂടെ ഒഴുകുന്ന വൃക്ഷങ്ങളുടെ ശിഖരത്തിൽ സ്ഥാനം പിടിച്ചിരുന്നു. കാട്ടാനയും കാട്ടുപോത്തും കടുവയും പുലിയും ചുഴിയിൽ താണും മലരിയിൽ പൊങ്ങിയും കൂട്ടിക്കൊളുത്തിയ തീവണ്ടിപോലെ വേമ്പനാട്ടു കായലിലേക്കു പാഞ്ഞുകൊണ്ടിരുന്നു'– 99ലെ മഹാപ്രളയത്തെക്കുറിച്ചു മഹാകവി പുത്തൻകാവ് മാത്തൻ തരകൻ തന്റെ ആത്മകഥയിൽ കുറിച്ചിട്ട വരികളാണിത്.
20–ാം നൂറ്റാണ്ടിൽ കേരളത്തിലുണ്ടായ മഹാപ്രളയമായ '99ലെ വെള്ളപ്പൊക്ക'ത്തിന് ഇന്നു 100 വയസ്സ് തികയുകയാണ്. കൊല്ലവർഷം 1099 കർക്കടകം ഒന്നിന് (1924 ജൂലൈ 16) ആരംഭിച്ച പെരുമഴ മൂന്നാഴ്ച നീണ്ടു. കായൽ ഭൂമിയായ കുട്ടനാടിനെയും സമുദ്രനിരപ്പിൽനിന്ന് 6500 അടി ഉയരമുള്ള മൂന്നാറിനെയും ഒരുപോലെ മുക്കിയ ജലപ്രളയം. പെരിയാറിലാണ് ആദ്യം വെള്ളം പൊങ്ങിയത്.
പിന്നീടു മലബാർ ഉൾപ്പെടെ കേരളത്തിന്റെ എല്ലാ ഭാഗത്തും അനുഭവപ്പെട്ടു. തിരുവതാംകൂറിലും മലബാറിലും താഴ്ന്ന പ്രദേശങ്ങളിൽ 20 അടിയോളം വെള്ളം ഉയർന്നു. ഇന്നത്തെ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. എറണാകുളം ജില്ലയുടെ നാലിൽ 3 ഭാഗവും വെള്ളത്തിൽ മുങ്ങി. പുഴകളിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്നു. പട്ടിണിയും കടൽക്ഷോഭവും ഉണ്ടായി.
മരിച്ചവരുടെ എണ്ണവും നാശനഷ്ടവും കൃത്യമായി തിട്ടപ്പെടുത്താനുള്ള സംവിധാനങ്ങൾ അന്നുണ്ടായിരുന്നില്ല. മൂന്നാറിലെ പ്രകൃതി ഭംഗിയുടെ സിംഹഭാഗവും കവർന്നെടുത്ത പ്രളയത്തിൽ കരിന്തിരി മലയും പഴയ ആലുവ–മൂന്നാർ രാജപാതയും ഒലിച്ചുപോയി. മൂന്നാറിൽ അന്നു രേഖപ്പെടുത്തിയ മഴയുടെ അളവ് 171.2 ഇഞ്ച് ആണെന്ന് എഴുത്തുകാരൻ ആർ. ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇന്ത്യയിലെ ആദ്യ മോണോറെയിൽ സംവിധാനമായ മൂന്നാറിലെ റെയിൽപാളങ്ങൾ തകർന്നതും ഈ വെള്ളപ്പൊക്കത്തിലാണ്. പിന്നീടിതു വരെ അതു പുനർനിർമിക്കാനായില്ല. അക്കാലത്ത് മലബാർ പ്രദേശം ബ്രിട്ടിഷ് ഭരണത്തിനു കീഴിലായതിനാലായിരിക്കണം കേരളത്തിന്റെ ചരിത്രം പരാമർശിക്കുന്ന പലരും മലബാറിലെ കെടുതികൾ രേഖപ്പെടുത്തിയിട്ടില്ല.
മലബാർ ജില്ലയെ ഭരിക്കാനുള്ള സൗകര്യാർഥം വടക്കേ മലബാർ, തെക്കേ മലബാർ എന്നിങ്ങനെ വേർതിരിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലയിൽ ചാവക്കാട് വരെയുള്ള ഭാഗങ്ങളാണ് തെക്കേ മലബാർ എന്നറിയപ്പെട്ടിരുന്നത്. തൊണ്ണൂറ്റൊൻപതിലെ വെള്ളപ്പൊക്കം ഏറെ ദുരിതങ്ങൾ വിതച്ചതു തെക്കേ മലബാറിലാണ്.
കോഴിക്കോട് നഗരത്തെ വെള്ളപ്പൊക്കം തകർത്തെറിഞ്ഞു. അനേകം മനുഷ്യർ മരിച്ചു. പരക്കെ വീടുകൾ തകർന്നു. മൃഗങ്ങൾ ചത്തൊടുങ്ങി. റോഡുകൾ തകർന്നു. ചുരങ്ങൾ തകർന്നു. റെയിൽഗതാഗതം നിലച്ചു. ഒഴുക്കുകാരണം വഞ്ചികൾ പോലും ഇറക്കാൻ കഴിഞ്ഞില്ല. തപാൽ സംവിധാനം തകർന്നു. കമ്പിയില്ലാക്കമ്പി തകരാറിലായി. കോഴിക്കോട് ഒറ്റപ്പെട്ടു. തെക്കേ മലബാർ സാധാരണ ജീവിതത്തിലേക്ക് കരകയറാൻ മാസങ്ങളെടുത്തു. 99ലെ വെള്ളപ്പൊക്കത്തിലെ ഉയർന്ന ജലനിരപ്പ് പഴയ ചില കെട്ടിടങ്ങളിൽ അടയാളപ്പെടുത്തിയത് ഇന്നുമുണ്ട്. പെരിയാർ തീരത്തെ കാഞ്ഞൂർ പുതിയേടം ക്ഷേത്രത്തിന്റെ ഗോപുരം അതിലൊന്നാണ്. മലയാളത്തിലെ ഒട്ടേറെ സാഹിത്യ കൃതികളിലും വെള്ളപ്പൊക്കം സ്ഥാനംപിടിച്ചു. തകഴിയുടെ പ്രശസ്തമായ വെള്ളപ്പൊക്കത്തിൽ എന്ന കഥ 99ലെ വെള്ളപ്പൊക്കം കുട്ടനാടിന് ഏൽപിച്ച ആഘാതം വരച്ചുകാട്ടുന്ന സൃഷ്ടിയാണ്. 1939, 1961, 2018 വർഷങ്ങളിലാണ് പിന്നീടു കേരളത്തിൽ വൻ ജലപ്രളയം ഉണ്ടായത്.