വാഷിംഗ്ടൺ: ഇന്ത്യൻ വ്യോമ സേനയ്ക്കായി ഇന്ത്യയിൽത്തന്നെ യുദ്ധവിമാന എൻജിൻ നിർമ്മിക്കാൻ ധാരണയായി. യുഎസ് കമ്പനി ജനറൽ ഇലക്ട്രിക്കും ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും തമ്മിലാണ് ധാരണയിലായത്. യുദ്ധവിമാന എൻജിൻ നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭിക്കുന്നത് പ്രതിരോധ മേഖലയിൽ ഇന്ത്യയ്ക്കു വലിയ നേട്ടമാണ്.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ്ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുപ്രധാന കരാറുകൾ പ്രഖ്യാപിച്ചത്. ബെംഗളൂരുവിലും അഹമ്മദാബാദിലും യുഎസ് കോൺസുലേറ്റുകൾ തുറക്കും. യുഎസിൽ ഇപ്പോഴുള്ള 5 കോൺസുലേറ്റുകൾക്കു പുറമേ സിയാറ്റിലിൽ ഇന്ത്യയുടെ കോൺസുലേറ്റ് പ്രവർത്തനമാരംഭിക്കും. അലാസ മേഖലയും ഇതിന്റെ പരിധിയിൽ വരും.















































































