അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ എതിരാളികളായ പുതുച്ചേരിയെ എതിരില്ലാത്ത 7 ഗോളുകള്‍ക്ക് നിലംപരിശാക്കിയാണ് കേരളത്തിൻ്റെ ആധികാരിക ജയം.
മല്‍സര വിജയത്തോടെ ആദ്യ മൂന്ന് മല്‍സരങ്ങളിലും വിജയം മാത്രം രുചിച്ച കേരളം ഗ്രൂപ്പ് ചാമ്ബ്യൻമാരായി രാജകീയമായി തന്നെ തങ്ങളുടെ ഫൈനല്‍ ബെർത്ത് ഉറപ്പിക്കുകയായിരുന്നു. കോഴിക്കോട് കോർപ്പറേഷൻ EMS സ്റ്റേഡിയത്തില്‍ നടന്ന സന്തോഷ് ട്രോഫി യോഗ്യത മല്‍സരത്തില്‍ പുതുച്ചേരിക്കെതിരെ ആധികാരിക ജയത്തോടെയാണ് കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.
പ്രാഥമിക റൗണ്ടിലെ അവസാന കളിയായിരുന്നു ഇത്. കേരളത്തിനായി നസീബ് റഹ്മാനും, ഇ. സജീഷും ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗനി അഹമ്മദ് നിഗം, ക്രിസ്റ്റി ഡേവിസ്, ടി. ഷിജിൻ എന്നിവർ ഓരോ ഗോള്‍ വീതം നേടി. തോല്‍വിയോ ഗോളോ വഴങ്ങാതെ മികച്ച പ്രകടനത്തിലൂടെയാണ് ഇത്തവണ കേരളം ഫൈനല്‍ റൗണ്ടിലേക്ക് കടന്നിരിക്കുന്നത്. ഡിസംബറില്‍ ഹൈദരബാദിലാണ് ഫൈനല്‍ റൗണ്ട് മത്സരം. വിവിധ ഗ്രൂപ്പുകളില്‍ നിന്നായി 12 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ ബൂട്ട് കെട്ടും.