കോട്ടയം:20 മുതൽ 26 വരെ അനശ്വര തിയേറ്ററിൽ നടക്കുന്ന "കോട്ടയം രാജ്യാന്തര ചലചിത്ര മേള'യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവൻ ജൂബിലി ജോയി തോമസിന് നൽകി ഉദ്ഘാടനം ചെയ്‌തു. അനശ്വര തീയറ്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സംവിധായകൻ ജയരാജ്, പ്രദീപ് നായർ, ജോഷി മാത്യു, വിനോദ് ഇല്ലംമ്പള്ളി, സജി കോട്ടയം, വിനോദ് പി ശിവറാം, മോനി കാരാപ്പുഴ എന്നിവർ പങ്കെടുത്തു. ഫെസ്റ്റിവൽ ഓഫീസിന്റെ (പകൽ വീട്) ഉദ്‌ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും, ഡെലിഗേറ്റ് സെൽ പ്രവർത്തനം നഗരസഭാ ചെയർമാൻ എം പി സന്തോഷ് കുമാറും നിർവഹിച്ചു.
ഓസ്‌കാറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, ഐഎഫ്എഫ്കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, പുതിയ മലയാള സിനിമകളടക്കം ഏഴ് ദിവസത്തെ മേളയിൽ 35 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഒപ്പം "കോട്ടയം സിനിമ പൈതൃകം' എന്ന വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. മുതിർന്നവർക്ക് 700 രൂപയും, വിദ്യാർഥികൾക്ക് 300 രൂപയും, -ഫിലിം സൊസൈറ്റി അംഗങ്ങൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീ.














































































