കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കിയതോടെ പ്രതിസന്ധിയിലായ വ്യാപാരികൾക്ക് നഗരസഭയുടെ കൈത്താങ്ങ്.
ഇവിടെയുള്ള കച്ചവടക്കാർക്ക് സ്വന്തം നിലയിൽ താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് വ്യാപാരം തുടരാൻ നഗരസഭാ കൗൺസിൽ അനുമതി നൽകി.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് കെട്ടിടം ഒഴിയേണ്ടി വന്ന മുപ്പത്തിയാറോളം വ്യാപാരികൾക്കാണ് ഈ തീരുമാനം വലിയ ആശ്വാസമാകുന്നത്.
എന്നാൽ, പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം തുടങ്ങുന്നത് വരെ സ്വന്തം ചെലവിൽ താൽക്കാലിക ഷെഡുകൾ നിർമ്മിച്ച് കച്ചവടം തുടരാനാണ് കൗൺസിൽ അനുമതി നൽകിയിട്ടുള്ളത്..
കർശനമായ നിബന്ധനകളോടെയാണ് നഗരസഭയുടെ ഈ നീക്കം. ഓരോ വ്യാപാരിക്കും രണ്ട് മീറ്റർ വീതിയുള്ള താൽക്കാലിക സൗകര്യമാണ് അനുവദിക്കുക. നഗരസഭയുടെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുമ്പോൾ ഈ ഷെഡുകൾ സ്വന്തം ചെലവിൽ തന്നെ പൊളിച്ചുനീക്കാമെന്ന കരാർ വ്യാപാരികൾ നൽകണം. കൂടാതെ, കച്ചവടം മറ്റാർക്കെങ്കിലും കൈമാറാനോ വാടകയ്ക്ക് നൽകാനോ പാടില്ലെന്നും നിർദ്ദേശമുണ്ടന്നും ചെയർമാൻ എം.പി. സന്തോഷ് കുമാർ അറിയിച്ചു.
താൽക്കാലിക ഷെഡിന്റെ നിർമ്മാണവും സ്റ്റാൻഡിൽ ആരംഭിച്ചു കഴിഞ്ഞു.











































































