കാസർകോട് അമ്പലത്തറ ഗുരുപുരത്തുള്ള വീട്ടിൽ നിന്നാണ് 7 കോടിയോളം രൂപയുടെ രണ്ടായിരത്തിന്റെ നിരോധിത നോട്ടുകൾ പിടിച്ചെടുത്തത്.
സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
ജില്ലാ പൊലീസ് മേധാവി പി.ബി.ജോയിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് അമ്പലത്തറ പൊലീസ് നടത്തിയ റെയ്ഡിലാണ് തുക പിടികൂടിയത്.
കഴിഞ്ഞ സെപ്തംബറിൽ ഭാരത സർക്കാർ പിൻവലിച്ച നോട്ടുകളാണ് മുഴുവനും എന്ന് പോലീസ് പറഞ്ഞു.
പ്രവാസിയായ കെ.പി.ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള ഈ വീട് ഒരു വർഷമായി വാടകക്ക് നൽകിയിരിക്കുകയാണ്.
വാടകക്കാരനായ പാണത്തൂരിലെ അബ്ദുൽ റസാക്ക് കല്യോട്ട് സ്വദേശിയാണെന്നും, ഹോട്ടൽ ബിസിനസ് ചെയ്യുന്നു എന്നും പറഞ്ഞ് പ്രതിമാസം 7500 രൂപ വാടകയ്ക്കാണ് വീട് എടുത്തിരിക്കുന്നത്.
ഇയാളും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി അടച്ചിട്ട വീട് പൊലീസ് നിരീക്ഷണത്തിലായിരുന്നു.
പൂജാമുറിയിൽ ഒളിപ്പിച്ച നിലയിലും, കിടപ്പുമുറിയിലുമായി ചാക്കിലും, തെർമ്മോക്കോൾ, കാർഡ് ബോർഡ് ബോക്സുകളിലുമായിട്ടാണ് കറൻസി സൂക്ഷിച്ചിരുന്നത്.