തിരു.: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോങ്ങാട് എംഎൽഎയുമായിരുന്ന അന്തരിച്ച കെ.വി. വിജയദാസിന്റെ ബാദ്ധ്യതകൾ സർക്കാർ എഴുതിത്തള്ളി. വീട് നിർമ്മിക്കാൻ എടുത്ത വായ്പയിൽ തിരിച്ചടയ്ക്കാൻ ബാക്കിയുള്ള 5.34 ലക്ഷവും വാഹന വായ്പയിൽ ബാക്കിയുള്ള 11,000 രൂപയുമാണ് എഴുതിത്തള്ളിയത്. നിയമസഭ സെക്രട്ടേറിയറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണു സർക്കാർ നടപടി. ബാദ്ധ്യതകൾ എഴുതിത്തള്ളാൻ 5.45 ലക്ഷം രൂപ ഈ മാസം 13ന് അനുവദിച്ചു. വീട് നിർമ്മിക്കാൻ കുറഞ്ഞ പലിശയിൽ 20 ലക്ഷം രൂപയാണ് എംഎൽഎമാർക്ക് നൽകുന്നത്. വാഹനം വാങ്ങാൻ 10 ലക്ഷം രൂപയും പലിശയില്ലാതെ ലഭിക്കും. 2021 ജനുവരിയിലാണ് കെ.വി. വിജയദാസ് അന്തരിച്ചത്. പാലക്കാട് കോങ്ങാട് നിന്നും 2 തവണ എംഎൽഎ ആയിരുന്നു.












































































