ശനിയാഴ്ച വെടിനിർത്തല്‍ പ്രഖ്യാപിച്ചതിന് ശേഷവും പലയിടത്തും ആക്രമണമുണ്ടായിരുന്നു.
എന്നാല്‍, ഇന്നലെ ജമ്മു മേഖലയില്‍ രാത്രി പാക് പ്രകോപനം ഉണ്ടായില്ലെന്ന് സേന വൃത്തങ്ങള്‍ വ്യക്തമാക്കി.
ശനിയാഴ്ച രാത്രി 11ന് ശേഷം നിയന്ത്രണരേഖയില്‍ വെടിനിർത്തല്‍ ലംഘനമൊന്നുമുണ്ടായില്ല.
ഇന്നത്തെ ഡി.ജി.എം.ഒ തല ചർച്ചകള്‍ നിർണായകമാണ്.
ഏത് തരത്തിലുള്ള വെല്ലുവിളികളേയും നേരിടാൻ തയാറെന്ന് കര വ്യോമ സേനകളും അറിയിച്ചിട്ടുണ്ട്.
അതിർത്തി മേഖലകളിലെ സുരക്ഷ വിലയിരുത്താൻ ജമ്മുകശ്മീരില്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും.
അതിർത്തി മേഖലകളില്‍നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയവർ സാഹചര്യം വിലയിരുത്തി ഏതാനും ദിവസംകൂടി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മതിയെന്ന നിലപാടിലാണ്. വെടിനിർത്തല്‍ പ്രഖ്യാപനം വന്നശേഷവും ഡ്രോണുകളും റോക്കറ്റുകളും പറക്കുന്നത് കണ്ടുവെന്ന് ഉറി സ്വദേശിയായ അബ്ദുല്‍ അസീസ് പറഞ്ഞു. വെടിനിർത്തല്‍ ശാശ്വതമാകട്ടെയെന്നാണ് പ്രാർഥന. എന്നാലും രണ്ട് ദിവസംകൂടി കാത്തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് ഷെല്ലാക്രമണത്തെത്തുടർന്ന് അതിർത്തി പ്രദേശങ്ങളില്‍നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചവർ തിരക്കിട്ട് തിരിച്ചെത്തരുതെന്ന് അധികൃതർ ആവശ്യപ്പെട്ടു. പൊട്ടാതെ അവശേഷിക്കുന്ന ഷെല്ലുകള്‍ നീക്കംചെയ്യാൻ ഏതാനും ദിവസംകൂടി വേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ബാരാമുള്ള, ബന്ദിപ്പോര, കുപ് വാര ജില്ലകളിലെ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളില്‍നിന്ന് 1.25 ലക്ഷത്തിധകം ജനങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.