ഇന്ത്യയ്ക്കുനേരെ വീണ്ടും യുദ്ധ ഭീഷണിയുമായി പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍ ഭൂട്ടോ. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധൂനദീജല കരാര്‍ ഇനി പുനഃസ്ഥാപിക്കില്ല എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭീഷണിയുമായി ബിലാവല്‍ രംഗത്തെത്തിയത്. പാകിസ്താന് അവകാശപ്പെട്ട ജലം തരണമെന്നും അല്ലെങ്കില്‍ വീണ്ടും യുദ്ധം വേണ്ടിവരുമെന്നും ബിലാവല്‍ ഭൂട്ടോ പറഞ്ഞു.
അന്താരാഷ്ട്ര ഉടമ്പടികള്‍ ഏകപക്ഷീയമായി റദ്ദാക്കാന്‍ കഴിയില്ല. എന്നാല്‍ അത് മരവിപ്പിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്, രാജ്യമത് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും സമാധാനത്തിനും പുരോഗതിക്കും വേണ്ടിയാണ് ആ ഉടമ്പടി. എന്നാല്‍, ഒരിക്കല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് അതിന് നിലനില്‍പ്പില്ല,' എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ഇന്ത്യക്ക് അവകാശപ്പെട്ട ജലം നമ്മള്‍ ഉപയോഗിക്കുമെന്നും പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം കനാല്‍ നിര്‍മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിലാവല്‍ ഭൂട്ടോ തിങ്കളാഴ്ച പാര്‍ലമെന്റില്‍ യുദ്ധ ഭീഷണി മുഴക്കിയത്.