ലോക അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ നിലവിലെ സ്വർണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഫൈനലില്‍ കടന്നു. മറ്റൊരിന്ത്യൻ താരം സച്ചിൻ യാദവും നിലവിലെ ഒളിമ്ബിക്സ് ചാമ്ബ്യൻ പാകിസ്ഥാന്റെ അർഷദ് നദീമും ഡയമണ്ട് ലീഗ് ചാമ്ബ്യൻ ജർമ്മനിയുടെ ജൂലിയൻ വെബ്ബറുമെല്ലാം ഫൈനലുറപ്പിച്ചിട്ടുണ്ട്. ഇന്നാണ് ഫൈനല്‍.
അതേസമയം ഇന്ത്യയുടെ രോഹിത് യാദവിനും യഷ് സിംഗിനും ഫൈനലുറപ്പിക്കാനായില്ല. ഇന്നലെ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങിയ നീരജ് ആദ്യശ്രമത്തില്‍ തന്നെ 84.85 മീറ്റർ
ദൂരത്തേക്ക് ജാവലിൻ പായിച്ച് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 84.50 മീറ്ററായിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാമാർക്ക്. 2023ലെ ലോകചാമ്ബ്യൻഷിപ്പിലും പാരീസ് ഒളിമ്ബിക്‌സിലും നീരജ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തില്‍ തന്നെ ഫൈനല്‍ ഉറപ്പിച്ചിരുന്നു. 89.53 മീറ്റർ എറിഞ്ഞ് സീസണ്‍ ബെസ്റ്റ് പ്രകടനം പുറത്തെടുത്ത ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ഗ്രനാഡയുടെ ആന്റേഴ്‌സണ്‍ പീറ്റേഴ്‌സണാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമനായത്. ജൂലിയൻ വെബ്ബർ (87.21 മീറ്റർ), കെനിയയുടെ ജൂലിയസ് യെഗോ(85.96 മീറ്റർ), പോളണ്ടിന്റെ ഡേവിഡ വെഗ്‌നർ (85.67 മീറ്റർ) എന്നിവരാണ് 2 മുതല്‍ 4 വരെയുള്ള സ്ഥാനങ്ങളില്‍. നീരജ് അഞ്ചാമതാണ്. ഗ്രൂപ്പ് ബിയില്‍ മത്സരിച്ച അർഷദ് നദീം അവസാന ശ്രമത്തിലാണ് 85.28 മീറ്റർ എറിഞ്ഞ് യോഗ്യത ഉറപ്പിച്ചത്. 83.67 മീറ്റർ എറിഞ്ഞ സച്ചിൻ യാദവ് പത്താം സ്ഥാനക്കാരനായാണ് ഫൈനലില്‍എത്തിയത്. ഈ ഗ്രൂപ്പില്‍ തന്നെ മത്സരിച്ച രോഹിത് യാദവിന് 77.81 മീറ്ററും യഷിന് 77.51 മീറ്ററുമേ എറിയാനായുള്ളൂ.