എന്തുകൊണ്ടാണ് ട്രംപ് ഇന്ത്യയ്ക്കുമേല്‍ അടിക്കടി താരിഫ് വർധന ഉള്‍പ്പെടെയുള്ള കടുത്ത നടപടികളുമായി മുന്നോട്ടുവരുന്നത്? ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യ-യുഎസ് വ്യാപാര കരാർ, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി, മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ, സമാധാന നൊബേല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നിലുള്ളതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
മേയ് ഏഴിലെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം, ശ്രദ്ധകിട്ടുന്ന ഏത് വേദികളിലും താൻ ഇടപെട്ടാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതിന്റെ ഉത്തരവാദിത്വം ട്രംപ് വേദികളായ വേദികളിലെല്ലാം സ്വയമെടുത്തണിഞ്ഞു. ഇന്ത്യ അത് ആവർത്തിച്ച് നിഷേധിച്ചിട്ടും ട്രംപിന്റെ പറച്ചിലിന് മാറ്റമുണ്ടായില്ല. പതിയെപ്പതിയേ ട്രംപ് ഇന്ത്യാ വിരുദ്ധതയിലൂന്നി സംസാരിക്കാൻ തുടങ്ങി. അനന്തരം ഇന്ത്യക്കെതിരേ 50 ശതമാനം തീരുവ ഉള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വെടിനിർത്തലിന് ട്രംപിന് പങ്കില്ലെന്ന ഇന്ത്യയുടെ വാദം ട്രംപില്‍ ഒരു ഈഗോ കൂടി വളർത്തിയിട്ടുണ്ടാകാമെന്ന വിലയിരുത്തലുമുണ്ട്. തുടർന്ന് ട്രംപ് വിഷയത്തെ വ്യക്തിപരമായെടുത്ത് കൂടുതല്‍ സങ്കീർണമാക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്.
നൊബേലിന് ട്രംപിനെ നാമനിർദേശം ചെയ്യുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്താന്റെ ഭാഗത്തുനിന്നും അനുകൂല സമീപനമുണ്ടാകും. ഇന്ത്യയില്‍നിന്നും അത്തരത്തിലൊരു നീക്കം വരണമെന്നാണ് ട്രംപ് ലക്ഷ്യമിട്ടത്. അത് നടക്കാതെ വരുന്നതിലെ ഈർഷ്യ താരിഫ് കൊണ്ട് തീർക്കുകയാകാം. യുദ്ധം നിർത്തിയെന്ന അവകാശവാദം ഇന്ത്യ വകവെച്ചുകൊടുത്താല്‍, താരിഫ് കൊണ്ട് അദ്ദേഹം നടത്തുന്ന യുദ്ധവും അവസാനിക്കും.
പക്ഷേ, ഇന്ത്യ ഒരു തരത്തിലും പിറകോട്ടില്ലെന്ന് ബോധ്യം വന്നതോടെ ട്രംപ് വേറൊരു ഉപായം തേടിയിരുന്നെന്നാണ് റിപ്പോർട്ടുകള്‍. ജൂണില്‍ കാനഡയില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ ട്രംപും മോദിയും പങ്കെടുത്തിരുന്നു. ട്രംപ് ഷെഡ്യൂള്‍ ചെയ്തതിനും മുന്നേ യുഎസിലേക്ക് മടങ്ങിയതിനാല്‍ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നില്ല. പകരം ഇന്ത്യയിലേക്ക് മടങ്ങുമ്ബോള്‍ വൈറ്റ് ഹൗസ് സന്ദർശിക്കാൻ അദ്ദേഹം മോദിയെ ക്ഷണിച്ചു. എന്നാല്‍, മോദി ആ ക്ഷണം നിരസിക്കുകയും പിന്നീട് ദിവസങ്ങള്‍ക്കുശേഷം ഫോണ്‍ സംഭാഷണം നടത്തുകയും ചെയ്തു.
ട്രംപിന്റെ കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നു മോദിക്കുള്ള ആ ക്ഷണമെന്ന് പിന്നീട് ബോധ്യമായി. മോദിയെയും പാക് സൈനിക മേധാവി അസിം മുനീറിനെയും ഒരേ മുറിയില്‍ കൊണ്ടുവന്ന് ഇരുപക്ഷത്തെയും സമാധാനപരമായ ഒത്തുതീർപ്പിലെത്തിച്ചെന്ന ഒരു പ്രഖ്യാപനം നടത്താനായിരുന്നു ട്രംപ് തുനിഞ്ഞത്. മോദിയെ ക്ഷണിച്ച അതേ സമയത്തുതന്നെയായിരുന്നു അസിം മുനീറും വൈറ്റ് ഹൗസിലെത്തിയത്. എന്നാല്‍, മോദി ക്ഷണം നിരസിച്ചതോടെ ട്രംപിന്റെ ഈ നീക്കം പാളി.
2016-ല്‍ യുഎസ് പ്രസിഡന്റാവുന്നതിനു മുന്നേ ട്രംപ് ശതകോടീശ്വരനായ ബിസിനസുകാരനായിരുന്നു. അന്ന് യുഎസ് പ്രസിഡന്റായിരുന്ന ബരാക്ക് ഒബാമ പൊതുവേദികളില്‍ ട്രംപിനെ പരസ്യമായി പരിഹസിച്ചിരുന്നു. പ്രസിഡന്റ് പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ എഴുന്നള്ളിപ്പിന് ഈ പരിഹാസങ്ങള്‍ ഇന്ധനമായിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇത് ട്രംപിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് വിലയിരുത്തലുകളുണ്ട്. ആദ്യ ശ്രമത്തില്‍ത്തന്നെ, 2016-ല്‍ യുഎസ് പ്രസിഡന്റായി.
ഒബാമയ്ക്കെതിരേ കൂടി നടത്തിയ തന്റെ പോരാട്ടത്തിന്റെ വിജയമായാണ് അദ്ദേഹം ആ പദവിയെ കണക്കാക്കുന്നത്. അതിന് ലോകരാജ്യങ്ങളുടെകൂടി പിന്തുണ വേണം. ആ വഴിയില്‍ ഇന്ത്യയൊരു വിഘ്നം തീർക്കുന്നു എന്നതുകൂടി ഇപ്പോഴത്തെ താരിഫ് വർധനയുടെ പിറകില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഈ വാദഗതികളെ പിന്തുണയ്ക്കുന്നുണ്ട്. ഇന്ത്യ-പാക് വെടിനിർത്തല്‍ ധാരണയിലെത്തിക്കുന്നതില്‍ ട്രംപിന്റെ അവകാശവാദങ്ങളെ അദ്ദേഹവും പിന്തുണയ്ക്കുന്നു. എന്നു മാത്രമല്ല, ട്രംപിനെ 'സമാധാനത്തിന്റെ പ്രസിഡന്റ്' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ളത് അടക്കം അഞ്ച് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. യുക്രൈനിലെയും ഗാസയിലെയും യുദ്ധങ്ങള്‍ അവസാനിക്കാത്ത സാഹചര്യവും നമുക്കു മുന്നിലുണ്ട്.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണിപ്പോള്‍ ട്രംപ്. യുദ്ധമവസാനിപ്പിക്കാൻ റഷ്യക്ക് 50 ദിവസത്തെ സാവകാശം നല്‍കിയിരുന്നത് 10-12 ദിവസമായി ചുരുക്കിയിരുന്നു. പക്ഷേ, റഷ്യയുടെ ഭാഗത്തുനിന്ന് സമാധാന നീക്കങ്ങളൊന്നുമുണ്ടാവുന്നില്ലെന്നു കണ്ടതോടെ ഉപരോധം പറഞ്ഞ് ഭയപ്പെടുത്താൻ തുനിഞ്ഞു. റഷ്യയോട് സൗഹൃദം പുലർത്തുന്ന രാജ്യങ്ങള്‍ക്കെതിരേയും ട്രംപ് രംഗത്തെത്തി. ഇന്ത്യയ്ക്കുമേല്‍ താരിഫ് വർധിപ്പിക്കാൻ ട്രംപ് ചൂണ്ടിക്കാട്ടുന്ന കാരണവും അതാണ്. എണ്ണ വാങ്ങി യുക്രൈൻ യുദ്ധത്തിന് റഷ്യയെ സഹായിക്കുകയാണ് ഇന്ത്യയെന്നാണ് ആരോപണം. ഇതുപറഞ്ഞാണ് 24 മണിക്കൂറിനകം ഇന്ത്യക്കുള്ള തീരുവ 50 ശതമാനമാക്കി ഉയർത്തിയത്.
ട്രംപ് പ്രത്യക്ഷത്തില്‍ പറഞ്ഞിട്ടില്ലെങ്കിലും സ്വതന്ത്ര വ്യാപാരക്കരാറും ഇന്ത്യ-അമേരിക്ക ബന്ധത്തിലെ ഉലച്ചിന് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ചർച്ചകള്‍ നടന്നെങ്കിലും വ്യാപാരക്കരാർ യാഥാർഥ്യമായിട്ടില്ല. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യൻ വിപണിയില്‍ കൂടുതല്‍ പ്രാമുഖ്യം ലഭിക്കുന്ന ഒരു കരാറാണ് ട്രംപ് പ്രതീക്ഷിക്കുന്നത്. കാർഷിക മേഖലയില്‍ യുഎസ് ആവശ്യപ്പെടുന്ന ഇളവു നല്‍കാൻ ഇന്ത്യക്ക് നിർവാഹമില്ല. എന്തെന്നാല്‍ അത് ഇന്ത്യയിലെ കർഷകർക്കും ഗ്രാമീണ സമ്പദ് വസ്ഥയ്ക്കും ദോഷകരമായി ഭവിക്കും. ഇക്കാര്യത്തില്‍ ഇന്ത്യയെ സ്വന്തംവഴിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൻറെ ഭാഗമാണ് താരിഫ് വർധനയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യം.