തിരുവനന്തപുരം: പേരൂർക്കട പൊലീസ് കള്ളക്കേസിൽ കുടുക്കി ദളിത് സ്ത്രീയായ ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ റിപ്പോർട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നാളെ പരിഗണിക്കും. ബിന്ദുവിനെ അന്യായമായി കസ്റ്റഡിലെടുത്ത എസ് ഐ പ്രസാദ്, ഗ്രേഡ് എസ് ഐ പ്രസന്നൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എസ്.എച്ച്.ഒ ശിവകുമാർ, കള്ളപ്പരാതി നൽകിയ വീട്ടുടമസ്ഥ ഓമന ഡാനിയൽ, പേരൂർക്കട സ്റ്റേഷനിൽ ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ശുപാർശ.
ഓമന ഡാനിയലിന്‍റെ വീട്ടിൽ ജോലിക്കുനിന്ന ബിന്ദുവിനെതിരെ മോഷണകുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡയിൽ വച്ചത്. ഉദ്യോഗസ്ഥർക്കെതിരായ നടപടി, ബിന്ദുവിനുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ കമ്മീഷൻ നാളെ തീരുമാനമെടുക്കും.
ബിന്ദു നൽകിയ പരാതിയിലാണ് കമ്മീഷൻ തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്. മാല മോഷണം പോയിട്ടില്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നുമാണ് പുനരന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരന്‍റെ കണ്ടെത്തൽ.